വൻകൂവർ: ആരോഗ്യ മേഖലയിൽ തൊഴിൽ ശക്തി വർധിപ്പിക്കാൻ പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ബ്രിട്ടിഷ് കൊളംബിയ എൻഡിപി നേതാവ് ഡേവിഡ് എബി. ശനിയാഴ്ച വെർനോണിലെ ഒരു പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപ്രദേശങ്ങളിൽ ജോലി ചെയ്യാൻ സന്നദ്ധരായ മെഡിക്കൽ വിദ്യാർത്ഥികൾക്ക് അവരുടെ വിദ്യാഭ്യാസ വായ്പകൾ അടച്ചു തീർക്കാൻ സഹായധനമായി 7.5 കോടി ഡോളർ അനുവദിക്കാൻ പദ്ധതിയിടുന്നതായും ഡേവിഡ് എബി പറഞ്ഞു. ഇതിലൂടെ ഗ്രാമപ്രദേശങ്ങളിലേക്ക് മാറാൻ ആഗ്രഹിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യ ശാസ്ത്ര പ്രൊഫഷണലുകൾ എന്നിവർക്ക് സാമ്പത്തിക പിന്തുണ ലഭ്യമാക്കാൻ സാധിക്കുമെന്ന് കണക്കാക്കുന്നതായും അദ്ദേഹം പറയുന്നു.
പ്രവിശ്യയ്ക്ക് പുറത്തുള്ള ആരോഗ്യ പരിപാലന തൊഴിലാളികൾക്ക് ഉടൻ തന്നെ താൽക്കാലിക ലൈസൻസുകൾ നൽകുക, വിവിധ കമ്മ്യൂണിറ്റികളിൽ ചികിത്സ നൽകാൻ യാത്ര ചെയ്യുന്ന തൊഴിലാളികളുടെ നിയന്ത്രണം നീക്കം ചെയ്യുക, സ്വകാര്യ സ്റ്റാഫിംഗ് ഏജൻസികളെ ആശ്രയിക്കുന്നത് ഒഴിവാക്കുക എന്നിവയാണ് പാർട്ടി മുന്നോട്ട് വയ്ക്കുന്ന മറ്റ് പദ്ധതികൾ.
മെഡിക്കൽ ഗർഭച്ഛിദ്രവും ഐയുഡി ഉൾപ്പെടുത്തലുകളും നൽകാൻ അനുവദിച്ചുകൊണ്ട് കമ്മ്യൂണിറ്റികളിൽ മിഡ് വൈഫുകളുടെ പങ്ക് വിപുലീകരിക്കാനും പാർട്ടി ലക്ഷ്യമിടുന്നു. ഇത്, പ്രത്യുൽപാദന പരിചരണത്തിനായി ദീർഘദൂരം സഞ്ചരിക്കേണ്ടിവരുന്ന ഗ്രാമീണ സമൂഹങ്ങളിലെ സ്ത്രീകൾക്ക് സഹായകമാകുമെന്ന് എബി പറയുന്നു.