പൃഥ്വിരാജ് സുകുമാരനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത അൻവറിൻ്റെ റീ റിലീസ് തീയതി മാറ്റി. ചിത്രം ഒക്ടോബര്‍ 18 ന് എത്തുമെന്നാണ് അണിയറക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ അമൽ നീരദിൻ്റെ തന്നെ ഏറ്റവും പുതിയ ചിത്രം ബോഗയ്ന്‍വില്ലയുടെ റിലീസ് ഒക്ടോബര്‍ 17 നാണ് തീരുമാനിച്ചിരിക്കുന്നത്. ഇരു ചിത്രങ്ങളും തമ്മിലുള്ള ക്ലാഷ് ഒഴിവാക്കാനാണ് അൻവറിന്റെ റിലീസ് തീയതി മാറ്റിയത്. ഒക്ടോബര്‍ 25 ആണ് പുതുതായി പ്രഖ്യാപിച്ചിരിക്കുന്ന റിലീസ് തീയതി.
മലയാളത്തിന് പുറമേ തമിഴിലും അൻവർ റിലീസ് ചെയ്യും. ഡോൾബി അറ്റ്‌മോസ് ഫോർ കെയിലാണ് ചിത്രം വീണ്ടും പ്രേക്ഷകരെ ത്രസിപ്പിക്കാനെത്തുന്നത്. സെലിബ്സ് ആൻഡ് റെഡ് കാർപെറ്റിൻ്റെ ബാനറിൽ രാജ് സക്കറിയാസ് നിർമ്മിച്ച ഈ ചിത്രം ആദ്യം റിലീസ് ചെയ്തത് 2010ലാണ്.

അതേസമയം, സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അമൽ നീരദ് സംവിധാനം ചെയ്യുന്ന ‘ബോഗയ്ൻവില്ല’. ‘ഭീഷ്മ പർവ്വം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അമൽ നീരദ് ഒരുക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
കുഞ്ചാക്കോ ബോബനും അമല്‍ നീരദും ഇതാദ്യമായി ഒന്നിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേര്‍ന്നാണ് അമല്‍ നീരദ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഭീഷ്മപർവ്വം, വരത്തൻ എന്നീ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ച ആനന്ദ് സി ചന്ദ്രനാണ് പുതിയ ചിത്രത്തിനും ക്യാമറ ചലിപ്പിക്കുന്നത്. സുഷിന് ശ്യാം ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ചിത്രത്തിലെ രണ്ടു ഗാനങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.