കാൽഗറി : ആൽബർട്ടയിൽ തൊഴിലില്ലായ്മ നിരക്കിൽ നേരിയ കുറവ്. സെപ്റ്റംബറിൽ ആൽബർട്ടയുടെ തൊഴിലില്ലായ്മ നിരക്ക് ഒരു ശതമാനത്തിൻ്റെ പത്തിലൊന്ന് കുറഞ്ഞ് 7.5 ശതമാനത്തിലെത്തിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു. ഇത് കാനഡയിലെ രണ്ടാമത്തെ ഉയർന്ന നിരക്കാണെന്നും ഏജൻസി പറയുന്നു. ദേശീയതലത്തിൽ, തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റിലെ 6.6 ശതമാനത്തിൽ നിന്ന് കുറഞ്ഞ് കഴിഞ്ഞ മാസം 6.5 ശതമാനമായി. ജനുവരിക്ക് ശേഷം ഇതാദ്യമായാണ് കാനഡയിലെ തൊഴിലില്ലായ്മ നിരക്ക് കുറയുന്നത്.
സെപ്റ്റംബറിൽ 10% തൊഴിലില്ലായ്മ നിരക്കുള്ള ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ മാത്രമാണ് ആൽബർട്ടയേക്കാൾ ഉയർന്ന നിരക്കുള്ള ഒരേയൊരു പ്രവിശ്യ. ബ്രിട്ടിഷ് കൊളംബിയയുടെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ മാസം ആറ് ശതമാനവും സസ്കാച്വാനിൽ 5.7 ശതമാനവുമാണ്.
കാനഡയിലെ പ്രധാന നഗരങ്ങളിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്ക് എഡ്മിന്‍റനിൽ രേഖപ്പെടുത്തി. സെപ്റ്റംബറിൽ ഒമ്പത് ശതമാനമായി എഡ്മിന്‍റനിലെ തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയർന്നതായി ഫെഡറൽ ഏജൻസി റിപ്പോർട്ട് ചെയ്തു. അതേസമയം ആൽബർട്ടയിലെ മറ്റൊരു പ്രധാന നഗരമായ കാൽഗറിയിൽ തൊഴിലില്ലായ്മ നിരക്ക് ശതമാനത്തിൻ്റെ പത്തിലൊന്ന് കുറഞ്ഞ് 7.4 ശതമാനമായി. എന്നാൽ, ലെത്ത്ബ്രിഡ്ജിൽ, തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റിലെ 4.9 ശതമാനത്തിൽ നിന്ന് സെപ്റ്റംബറിൽ 5.1 ശതമാനമായി ഉയർന്നു.