തെലുങ്ക് താരമായ ബാലകൃഷ്ണ സൂപ്പർഹീറോ ആവാനൊരുങ്ങുന്നു. നായകനാവുന്ന 109 -ാം ചിത്രത്തിലാണ് ബാലയ്യ സൂപ്പർ ഹീറോ ആവുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ പേര് അടുത്ത ദിവസം പുറത്തുവിടും.
മലയാളി സംഗീതസംവിധായകൻ ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ജേക്‌സ് തന്നെയാണ് ചിത്രത്തിനായി താൻ സംഗീതമൊരുക്കുന്ന കാര്യം വെളിപ്പെടുത്തിയത്. ‘മാസ് സൂപ്പർ ഹീറോ ഓൺ ദ വേ’ എന്നാണ് ചിത്രത്തിനെ കുറിച്ച് ജേക്‌സ് ട്വിറ്ററിൽ കുറിച്ചത്.

‘ഡാക്കു മഹാരാജ്’ എന്നായിരിക്കും ചിത്രത്തിൻ്റെ പേരെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. നിലവിൽ എൻബികെ 109 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബോബി ഡിയോൾ ആണ് വില്ലൻ വേഷത്തിൽ എത്തുന്നത്.
ചാന്ദിനി ചൗധരി, ഗൗതം വാസുദേവ് മേനോൻ, രവി കിഷൻ, ജഗപതി ബാബു, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നിധി അഗർവാൾ ആണ് ചിത്രത്തിലെ നായിക. നവംബർ ആദ്യവാരത്തോടെ ചിത്രീകരണം പൂർത്തിയാക്കുന്ന ചിത്രം 2025 ജനുവരി 12 ന് സംക്രാന്തി ദിനത്തിൽ റിലീസ് ചെയ്യാനാണ് പദ്ധതി.