അതിർത്തിയിലുള്ള ഇന്‍റർ-കൊറിയൻ റോഡുകളുടെയും റെയിൽവേ ലൈനുകളുടെയും ഭാഗങ്ങൾ ഉത്തര കൊറിയ സ്ഫോടനത്തിൽ തകർത്തതായി ദക്ഷിണ കൊറിയൻ സൈന്യം.
റോഡുകളുടെ വടക്കൻ- തെക്ക് ഭാഗങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന റെയിൽ പാതകൾ പൊട്ടിത്തെറിച്ചതായി ജോയന്‍റ് ചീഫ് ഓഫ് സ്റ്റാഫ് മാധ്യമങ്ങൾക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞു. എന്നാൽ, സ്ഫോടനങ്ങൾ ദക്ഷിണ കൊറിയൻ അതിർത്തിക്കകത്ത് നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടില്ലെന്നും അതിൽ പറഞ്ഞു. ഇതിനോടുള്ള പ്രതികരണമെന്ന നിലയിൽ ദക്ഷിണ കൊറിയൻ സൈന്യം സൈനിക അതിർത്തി രേഖയിലേക്ക് മുന്നറിയിപ്പ് വെടിയുതിർത്തു.
കൊറിയൻ റോഡുകളും റെയിൽവേയും പൂർണമായും വിച്ഛേദിക്കുമെന്നും അതിർത്തി പ്രദേശങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും ഉത്തര കൊറിയ കഴിഞ്ഞയാഴ്ച പ്രതിജ്ഞയെടുത്തതിന് പിന്നാലെയാണ് സ്‌ഫോടനങ്ങൾ നടന്നത്.