ഹാലിഫാക്സ് : ഈ അധ്യയന വർഷം അറ്റ്ലാൻ്റിക് കാനഡയിലുടനീളം ഏകദേശം 3,000 രാജ്യാന്തര വിദ്യാർത്ഥികളുടെ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. 2023-24 അധ്യയന വർഷവുമായി താരതമ്യം ചെയ്യുമ്പോൾ അറ്റ്ലാൻ്റിക് കാനഡയിലെ സർവ്വകലാശാലകളിൽ മൊത്തം 2,983 വിദേശ വിദ്യാർത്ഥികളുടെ അല്ലെങ്കിൽ 11.4% കുറവാണ് ഉണ്ടായിട്ടുള്ളത്. രാജ്യത്തെ താൽക്കാലിക കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള ഫെഡറൽ ഗവൺമെൻ്റിൻ്റെ നയങ്ങളുടെ ഫലമാണ് ഈ ഇടിവെന്ന് അസോസിയേഷൻ ഓഫ് അറ്റ്ലാൻ്റിക് യൂണിവേഴ്സിറ്റിസ് പറയുന്നു. ജനുവരിയിൽ, ഫെഡറൽ ഗവൺമെൻ്റ് രാജ്യാന്തര വിദ്യാർത്ഥി അപേക്ഷകളിൽ പരിധി പ്രഖ്യാപിച്ചിരുന്നു.
നോവസ്കോഷയിൽ മാത്രം രണ്ടായിരത്തിലധികം വിദേശ വിദ്യാർത്ഥികളുടെ കുറവ് ഉണ്ടായിട്ടുണ്ട്. 2023-24 അധ്യയന വർഷവുമായി താരതമ്യം ചെയ്യുമ്പോൾ നോവസ്കോഷയിൽ 2,091 വിദേശ വിദ്യാർത്ഥികളുടെ കുറവ് രേഖപ്പെടുത്തി. ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിലെ മെമ്മോറിയൽ യൂണിവേഴ്‌സിറ്റിയിൽ 747 വിദ്യാർത്ഥികളുടെയും പ്രിൻസ് എഡ്വേഡ് ഐലൻഡ് യൂണിവേഴ്‌സിറ്റിയിൽ 143 വിദ്യാർത്ഥികളുടെയും കുറവ് ഉണ്ടായതായി അസോസിയേഷൻ റിപ്പോർട്ട് ചെയ്തു. അതേസമയം, ന്യൂബ്രൺസ് വിക്കിൽ കഴിഞ്ഞ അധ്യയന വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ആകെ രണ്ടു വിദേശ വിദ്യാർത്ഥികളുടെ കുറവ് മാത്രമാണ് ഉണ്ടായത്.