ഓട്ടവ : കാനഡ കാർബൺ റിബേറ്റ് എന്നറിയപ്പെടുന്ന ക്ലൈമറ്റ് ആക്ഷൻ ഇൻസെൻ്റീവ് പേയ്മെൻ്റ് ഇന്ന് (ഒക്ടോബർ 15) കാനഡയിലെ എട്ടു പ്രവിശ്യകളിലെ പൗരന്മാർക്ക് ലഭിക്കും. ആൽബർട്ട, സസ്കാച്വാൻ, മാനിറ്റോബ, ഒൻ്റാരിയോ കൂടാതെ നാല് അറ്റ്‌ലാൻ്റിക് പ്രവിശ്യകളായ ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ, നോവസ്കോഷ, പ്രിൻസ് എഡ്വേഡ് ഐലൻഡ്, ന്യൂബ്രൺസ് വിക് എന്നിവിടങ്ങളിലെ ജനങ്ങൾക്ക് ക്ലൈമറ്റ് ആക്ഷൻ ഇൻസെൻ്റീവ് പേയ്മെൻ്റിന് അർഹതയുണ്ട്. ബ്രിട്ടിഷ് കൊളംബിയ, കെബെക്ക്, നോർത്ത് വെസ്റ്റ് ടെറിറ്ററീസ് എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്ക് അവരുടേതായ കാർബൺ വിലനിർണ്ണയ സംവിധാനം ഉള്ളതിനാൽ അവിടത്തെ താമസക്കാർക്ക് ഫെഡറൽ പേയ്‌മെൻ്റ് ലഭിക്കില്ല. യൂകോൺ, നൂനവൂട്ട് ടെറിട്ടറികൾ ഈ ഫെഡറൽ സംവിധാനം ഉപയോഗിക്കുന്നുവെങ്കിലും വരുമാനം സ്വയം വിതരണം ചെയ്യാനുള്ള കരാറുണ്ട്.
പേയ്‌മെൻ്റുകൾ വീടിൻ്റെ വലുപ്പവും പ്രവിശ്യയും അനുസരിച്ച് വ്യത്യാസപ്പെടുന്നു. അതേസമയം ഗ്രാമീണ മേഖലയിലുള്ളവർക്ക് ടോപ്പ്-അപ്പ് ലഭിക്കും. ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് 20 ശതമാനം ടോപ്പ്-അപ്പിനൊപ്പം ഏപ്രിൽ, ജൂലൈ മാസങ്ങളിലെ മുൻകാല 10 ശതമാനം പേയ്‌മെൻ്റും ലഭിക്കും. മൂന്നു മാസത്തിലൊരിക്കലാണ് ക്ലൈമറ്റ് ആക്ഷൻ ഇൻസെൻ്റീവ് പേയ്മെന്റ് വിതരണം ചെയ്യുക. ഒക്ടോബർ 15-ലെ പേയ്മെൻ്റിന് ശേഷം, 2024-2025 സാമ്പത്തിക വർഷത്തേക്കുള്ള ബാക്കി പേയ്മെൻ്റുകൾ 2025 ജനുവരി 15, ഏപ്രിൽ 15, ജൂലൈ 15 എന്നീ തീയതികളിൽ ആയിരിക്കും വിതരണം ചെയ്യുക.