വിനിപെഗ് : ഫെഡറൽ സ്കൂൾ ഭക്ഷണ പദ്ധതിയിൽ ഒപ്പിടുന്ന രണ്ടാം പ്രവിശ്യയായി മാനിറ്റോബ. കരാർ പ്രകാരം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ മാനിറ്റോബയ്ക്ക് ഏകദേശം ഒരു കോടി 72 ലക്ഷം ഡോളർ ലഭിക്കുമെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് അറിയിച്ചു. പ്രവിശ്യയുടെ പോഷകാഹാര പദ്ധതിയെ അടിസ്ഥാനമാക്കിയാണ് കരാർ രൂപം നൽകിയിരിക്കുന്നതെന്ന് ക്രിസ്റ്റിയ ഫ്രീലാൻഡ് പറഞ്ഞു. ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ കഴിഞ്ഞ മാസം കരാറിൽ ഒപ്പുവെച്ചതിന് ശേഷം കരാറിൽ ഒപ്പുവെക്കുന്ന രണ്ടാമത്തെ പ്രവിശ്യയാണ് മാനിറ്റോബ.
പ്രവിശ്യയിലുടനീളമുള്ള പൊതുവിദ്യാലയങ്ങൾക്കും ഉയർന്ന സാമൂഹിക-സാമ്പത്തിക ആവശ്യങ്ങളുള്ള കമ്മ്യൂണിറ്റികളിലെ സ്‌കൂളുകൾക്കും ഭക്ഷണമോ ലഘുഭക്ഷണമോ നൽകുന്നതിനായി മാനിറ്റോബ സർക്കാർ ഈ വർഷത്തെ ബജറ്റിൽ 30 കോടി ഡോളർ നീക്കിവച്ചിരുന്നു. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ലിബറൽ ഗവൺമെൻ്റ് കഴിഞ്ഞ ബജറ്റിൽ സ്കൂൾ ഭക്ഷണ പദ്ധതിക്കായി അഞ്ച് വർഷത്തിനിടെ നൂറ് കോടി ഡോളർ പ്രഖ്യാപിച്ചിരുന്നു.