ഹാലിഫാക്സ് : പ്രവിശ്യയുടെ സൈബർ സുരക്ഷ സംവിധാനം ഡിജിറ്റൽ ഹെൽത്ത് നെറ്റ്‌വർക്കിനെ സൈബർ ആക്രമണത്തിൽ നിന്നും ഫലപ്രദമായി ചെറുക്കാൻ അപര്യാപ്തമാണെന്ന് റിപ്പോർട്ട്. ഡിജിറ്റൽ ഹെൽത്ത് നെറ്റ്‌വർക്ക് ഡാറ്റ അപകടത്തിലാണെന്നും പ്രൊവിൻഷ്യൽ ഓഡിറ്റർ ജനറൽ കിം അഡയർ റിപ്പോർട്ട് ചെയ്തു. ഈ സംവിധാനത്തിൻ്റെ മേൽനോട്ടം വഹിക്കുന്ന മൂന്ന് സർക്കാർ സ്ഥാപനങ്ങൾക്ക് ശരിയായ ഉത്തവാദിത്വമില്ലെന്നും ഏകോപനത്തോടെയല്ല പ്രവർത്തിക്കുന്നതെന്നും കിം അഡയർ പറഞ്ഞു.
ഇതുമൂലം ജനങ്ങളുടെ വ്യക്തിപരവും സെൻസിറ്റീവുമായ ആരോഗ്യ വിവരങ്ങൾക്ക് സുരക്ഷിതത്വമില്ലെന്നും ഇത് ആശങ്ക ഉളവാക്കുന്നതായും ഓഡിറ്റർ ജനറൽ പറയുന്നു. പ്രവിശ്യയുടെ ഡിജിറ്റൽ ഹെൽത്ത് നെറ്റ്‌വർക്കിൽ സൈബർ സുരക്ഷാ പരിശോധനകൾ നടത്താൻ സ്വതന്ത്ര സൈബർ സുരക്ഷാ വിദഗ്ധരെ നിയമിച്ചതായി കിം അഡയർ അറിയിച്ചു. ഡിജിറ്റൽ ഹെൽത്ത് സിസ്റ്റം കൈകാര്യം ചെയ്യുന്നതിനായി ഒരു ഇൻഫർമേഷൻ ടെക്‌നോളജി ഗവേണൻസ് രൂപീകരിക്കുന്നതിനും സൈബർ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കാനും എല്ലാ ആരോഗ്യ നെറ്റ്‌വർക്ക് ഉപയോക്താക്കൾക്കും പതിവായി നിർബന്ധിത സൈബർ അവബോധ പരിശീലനം നൽകാനും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.