ഓട്ടവ : സൈബർ ആക്രമണത്തിന് ഇരയായ കാനഡയിലെ വ്യാപാര-വ്യവസായ സ്ഥാപനങ്ങൾ വൻ തുക മോചനദ്രവ്യം നൽകിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. കഴിഞ്ഞ വർഷം സൈബർ ആക്രമണത്തെ തുടർന്ന് വിവിധ സ്ഥാപനങ്ങൾ അഞ്ച് ലക്ഷത്തിലധികം ഡോളർ മോചനദ്രവ്യം നൽകിയതായി ഫെഡറൽ ഏജൻസി വെളിപ്പെടുത്തി. കാനഡയിലുടനീളമുള്ള പന്ത്രണ്ടായിരത്തോളം കമ്പനികളിൽ നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. 2023-ൽ, രണ്ട് ശതമാനം കനേഡിയൻ കമ്പനികൾ സൈബർ ആക്രമണത്തിന് ഇരയായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സൈബർ ആക്രമണത്തിന് ഇരയായ മിക്ക കമ്പനികളും പണമടച്ചില്ലെങ്കിലും 12% പേർ അക്രമികൾക്ക് പണം നൽകിയതായി സർവേ സൂചിപ്പിക്കുന്നു.
അതേസമയം കമ്പനികൾ മോചനദ്രവ്യമായി നൽകിയ തുക വളരെ ചെറുതാണെന്നും സ്റ്റാറ്റിസ്റ്റിക്സ് കാനഡ പറയുന്നു. 84% കമ്പനികളും 10000 ഡോളറിൽ താഴെയാണ് മോചനദ്രവ്യമായി നൽകിയത്. എന്നാൽ ransomware ആക്രമണത്തിന് ശേഷം പണം നൽകിയ നാല് ശതമാനം കമ്പനികളും 500,000 ഡോളറിലധികം കൈമാറിയതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. സൈബർ ആക്രമണം നേരിട്ട 13% കമ്പനികൾ മാത്രമാണ് പൊലീസിൽ റിപ്പോർട്ട് ചെയ്തതെന്നും സർവേ കണ്ടെത്തി. കഴിഞ്ഞ വർഷം സൈബർ ആക്രമണത്തിന് ഇരയായ കനേഡിയൻ കമ്പനികൾ ഈ പ്രതിസന്ധിയെ മറികടക്കാൻ 120 കോടി ഡോളർ ചെലവഴിച്ചതായും ഫെഡറൽ ഏജൻസി വെളിപ്പെടുത്തി. 2023-ൽ 110 കോടി ഡോളർ സൈബർ സുരക്ഷാ പ്രതിരോധത്തിനായി ചെലവഴിച്ചിട്ടുണ്ട്. ഇത് സൈബർ സുരക്ഷയുടെ ചെലവ് വർധിപ്പിക്കുന്നു. ഇതിൽ ഭൂരിഭാഗവും സൈബർ ആക്രമണങ്ങൾ തടയുന്നതിനും കണ്ടെത്തുന്നതിനുമായി ബന്ധപ്പെട്ട ശമ്പള ചെലവാണെന്നും സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു.