ടൊറൻ്റോ : നഗരത്തിലെ പ്രാദേശിക ഗോൾഫ് കോഴ്‌സുകളിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിൽ ഏകദേശം അഞ്ച് ലക്ഷം ഡോളർ വിലമതിക്കുന്ന മോഷ്ടിച്ച സാധനങ്ങൾ കണ്ടെടുത്തു. അപൂർവ പോക്കിമോൻ കാർഡുകൾ, ഗോൾഫ് കാർട്ടുകൾ, ഗോൾഫ് ക്ലബ്ബുകൾ, നിർമ്മാണ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങളാണ് കണ്ടെത്തിയതെന്ന് യോർക്ക് റീജനൽ പൊലീസ് അറിയിച്ചു. കേസിൽ നാല് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

യോർക്ക്, ദുർഹം, വാട്ടർലൂ, സിംകോ കൗണ്ടി എന്നിവിടങ്ങളിലെ ഗോൾഫ് കോഴ്‌സുകളിൽ നിന്നും മോഷ്ടിക്കപ്പെട്ടവയാണ് ഇവയൊന്നും ഓഗസ്റ്റിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് റിപ്പോർട്ട് ചെയ്തു. ഏകദേശം 200,000 ഡോളർ വിലമതിക്കുന്ന 18 ഗോൾഫ് കാർട്ടുകൾ, 100,000 ഡോളറിലധികം വിലമതിക്കുന്ന ഗോൾഫ് ക്ലബ്ബുകൾ, ഏകദേശം 100,000 ഡോളർ വിലമതിക്കുന്ന അപൂർവ പോക്കിമോൻ, “മാജിക് ദ ഗാതറിംഗ്” ട്രേഡിംഗ് കാർഡുകൾ, 20,000 ഡോളർ വിലമതിക്കുന്ന ഡീവാൾട്ട് നിർമ്മാണ ഉപകരണങ്ങൾ എന്നിവ മോഷ്ടിച്ച വസ്തുക്കളിൽ ഉൾപ്പെടുന്നു. കൂടാതെ രണ്ട് കിലോയിലധികം കഞ്ചാവ്, 86 ഗ്രാം സൈലോസിബിൻ (മാജിക് മഷ്‌റൂം), 28 ഗ്രാം കൊക്കെയ്ൻ, മയക്കുമരുന്ന് സാമഗ്രികൾ, ഡോളർ എന്നിവയും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.