WWE ജീവനക്കാരൻ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെ മുൻ സിഇഒ വിൻസ് മക്‌മഹോൺ പിന്തുണച്ചുവെന്ന് ആരോപണം. 1980 കളിൽ വിൻസ് മക്‌മഹോൺ ബോധപൂർവം സംഭവത്തിന് കൂട്ടു നിന്നുവെന്ന് കേസിൽ ആരോപിക്കുന്നു. മുൻ റിംഗ്‌സൈഡ് അനൗൺസർ മെൽവിൻ ഫിലിപ്‌സ് ജൂനിയർ തന്റെ സ്ഥാനം ദുരുപയോഗം ചെയ്ത് പന്ത്രണ്ടും പതിമൂന്നും വയസ്സുള്ള കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. വിൻസ് മക്‌മഹോണും അദ്ദേഹത്തിൻ്റെ ഭാര്യ ലിൻഡ മക്‌മഹോണും WWE ലീഗിൻ്റെ മാതൃ കമ്പനിയായ TKO ഗ്രൂപ്പ് ഹോൾഡിംഗ്‌സും ഇതിന് കൂട്ടു നിന്നതായി മുൻ WWE റിംഗ് ബോയ്‌സായിരുന്ന അഞ്ച് പേർക്ക് വേണ്ടി ഫയൽ ചെയ്ത സ്യൂട്ടിൽ പറയുന്നു.
പ്രശസ്തരായ ഗുസ്തിക്കാരെ കാണാമെന്നും ജനപ്രിയ ഗുസ്തി ഷോകളിൽ പങ്കെടുക്കാമെന്നും വാഗ്ദാനങ്ങൾ നൽകിയാണ് ഫിലിപ്സ് ആൺകുട്ടികളെ ആകർഷിച്ചിരുന്നത്. ഇയാളെപ്പോലെയുള്ളവരെ വ്യാപകമായ ലൈംഗിക ദുരുപയോഗത്തിൽ ഏർപ്പെടാനും ആ ശീലം തുടരാനും അനുവദിച്ചുവെന്നുമാണ് മക്മഹോണിനും ഡവെയ്ക്കും എതിരെ ആരോപണമുയർന്നത്. എന്നാൽ ഈ ആരോപണങ്ങളൊന്നും സത്യമല്ലെന്നും ഇവയൊന്നും തെളിയിക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും വിൻസ് മക്മഹോണിൻ്റെ അഭിഭാഷകയായ ജെസീക്ക റോസെൻബെർഗ് പറഞ്ഞു.