കംപ്യൂട്ടറുകളെ വെല്ലുന്ന എഐ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിൾ. വെബ് ബ്രൗസറുകളെ പോലും മറികടന്ന് ഒരു വിഷയത്തിൽ ഗവേഷണം നടത്താനും ഓൺലൈൻ വഴി എളുപ്പം സാധനങ്ങൾ വാങ്ങാനും സാധിക്കുന്ന തരത്തിലാണ് പുതിയ എഐ സംവിധാനത്തെ ഗൂഗിൾ രൂപകൽപ്പന ചെയ്യുന്നത്.
പ്രൊജക്റ്റ് ജാർവിസ് എന്ന് പേരിട്ടിരിക്കുന്ന ഗൂഗിളിന്റെ പുതിയ എഐ പദ്ധതി വരുന്ന ഡിസംബറിൽ ഫ്ലാഗ്ഷിപ്പ് പദ്ധതിയായ ജെമിനിക്കൊപ്പം അവതരിപ്പിക്കുമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. പദ്ധതിയുമായി നേരിട്ട് ബന്ധമുള്ള ആളുകളെ ഉദ്ധരിച്ചുകൊണ്ടാണ് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുള്ളത്.
മൈക്രോസോഫ്റ്റ് വികസിപ്പിച്ച ഓപ്പൺ എഐയിൽ ഇത്തരത്തിൽ സ്വന്തമായി വിഷയങ്ങൾ ഗവേഷണം ചെയ്ത് കണ്ടെത്തുന്ന സംവിധാനം ഉടൻ അവതരിപ്പിക്കുമെന്ന് ജൂലൈ മാസം റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഒരു പടി കൂടി കടന്ന് ഒരു വ്യക്തിയുടെ കംപ്യൂട്ടറിലെയും ബ്രൗസറിലേയും വിവരങ്ങൾ വച്ച് സ്വമേധയാ പ്രവർത്തിക്കുന്ന അതിനൂതന സംവിധാനമാണ് ഗൂഗിൾ അവതരിപ്പിക്കുന്നത്.