ടൊറൻ്റോ : ഫിഫ ലോകകപ്പ് മത്സരങ്ങളുടെ ചെലവ് നികത്താൻ നഗരത്തിലെ ഹോട്ടൽ മുറികൾക്ക് അധിക നികുതി ഏർപ്പെടുത്തുമെന്ന് ടൊറൻ്റോ സിറ്റി. 2025 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുന്ന നികുതി 2026 ജൂലൈ 31 വരെ തുടരും. ലോകകപ്പ് മത്സരങ്ങൾക്കുള്ള വരുമാനം കണ്ടെത്തുന്നതിനായി മുനിസിപ്പൽ താമസ നികുതി ആറ് ശതമാനത്തിൽ നിന്ന് 8.5 ശതമാനമായി ഉയർത്തണമെന്ന് 2026 ഫിഫ ലോകകപ്പ് ഹോസ്റ്റിങ് എക്‌സിക്യൂട്ടീവ് ഡയറക്ടർ, ചീഫ് പ്രൊക്യുർമെൻ്റ് ഓഫീസറും ചീഫ് ഫിനാൻഷ്യൽ ഓഫീസറും ട്രഷററും കൗൺസിലിന് റിപ്പോർട്ട് നൽകിയിരുന്നു.
ലോകകപ്പ് മത്സരങ്ങളുടെ നടത്തിപ്പിനായി നഗരത്തിന് 38 കോടി ഡോളർ ചിലവാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് 2022-ൽ പ്രതീക്ഷിച്ചതിനേക്കാൾ എട്ട് കോടി ഡോളർ കൂടുതലാണ്. ഫെഡറൽ, പ്രൊവിൻഷ്യൽ ഗവൺമെൻ്റുകൾ 20 കോടി 14 ലക്ഷം ഡോളർ നൽകുന്നുണ്ട്. എന്നാൽ, ടൂർണമെൻ്റ് സുഗമമായി നടത്തുന്നതിനായി ടൊറൻ്റോ സിറ്റി 17 കോടി 86 ലക്ഷം ഡോളർ സ്വരൂപിക്കേണ്ടതുണ്ട്. ഇതിൽ എട്ട് കോടി 36 ലക്ഷം ഡോളർ മുനിസിപ്പൽ സ്രോതസ്സുകൾ, വാണിജ്യ അവകാശ വിൽപന, വാടക ഫീസ്, ഇൻ-കിൻഡ് സംഭാവനകൾ എന്നിവയിലൂടെ സിറ്റി കണ്ടെത്തിയിട്ടുണ്ട്. ഇതോടൊപ്പം ഹോട്ടലുകൾക്കും ഹ്രസ്വകാല വാടക വീടുകൾക്കുമുള്ള മുനിസിപ്പൽ താമസ നികുതി വർധിപ്പിക്കുന്നതിലൂടെ അഞ്ച് കോടി 66 ലക്ഷം ഡോളർ വരുമാനം ലഭിക്കുമെന്ന് ടൊറൻ്റോ സിറ്റി പ്രതീക്ഷിക്കുന്നു.