കൊച്ചി : യാക്കോബായ സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ ഇപ്പോഴത്തെ അധ്യക്ഷനും മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ തലവനുമാണ് അദ്ദേഹം.രക്തസമ്മര്‍ദത്തെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
എറണാകുളം ജില്ലയിലെ പുത്തന്‍കുരിശ് സ്വദേശിയാണ്. 1929-ല്‍ ജനിച്ച അദ്ദേഹം 1958-ല്‍ വൈദിക പട്ടം സ്വീകരിച്ചു. 1974-ല്‍ മെത്രോപൊലീത്തയായി സ്ഥാനാരോഹണം നടത്തി. 2000-ല്‍ പുത്തന്‍കുരിശില്‍ ചേര്‍ന്ന പള്ളി പ്രതിപുരുഷ യോഗത്തില്‍ നിയുക്ത ശ്രേഷ്ഠ കാതോലികയായി തിരഞ്ഞെടുക്കപ്പെട്ടു. മലങ്കര സഭയുമായി ബന്ധപ്പെട്ട പ്രധാന പദവികളെല്ലാം വഹിച്ചിട്ടുള്ള അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു.
സഭ പ്രതിസന്ധിയിലൂടെ കടന്നുപോയ ഘട്ടങ്ങളിലൊക്കെയും വിശ്വാസികളെ ശാന്തരാക്കുന്നതിലും പ്രാര്‍ത്ഥനയുടെ ശക്തി ഊന്നിപ്പറയുന്നതിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. സഭാ തര്ക്കത്തിലുള്പ്പെടെ ബാവയുടെ പക്വതയുള്ള നിലപാടുകള്‍ ശ്രദ്ധേയമായിരുന്നു. വിശ്വാസികളെ സമാധാനത്തിലേക്ക് നയിക്കാന്‍ അദ്ദേഹം ഉപവാസമനുഷ്ഠിച്ചതും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. കോതമംഗലത്തും പുത്തന്‍കുരിശിലും സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയം ഉയര്‍ന്നുവന്നപ്പോഴൊക്കെ സമാധാനമുറപ്പിക്കാന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ ശക്തമായ സാന്നിധ്യമുണ്ടായിരുന്നു. കോടതിയില്‍ നിയമപോരാട്ടം നടന്നപ്പോഴും പ്രാര്‍ത്ഥനയുടെ വഴിയിലൂടെ പരിഹാരമുണ്ടാകുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു