കാൽഗറി : കനേഡിയൻ പൗരന്മാർ ഹാലോവീൻ ആഘോഷങ്ങൾക്ക് തയ്യാറെടുക്കവേ രാജ്യത്തുടനീളം പ്രവചനാതീതമായ കാലാവസ്ഥ. ചില പ്രവിശ്യകളിൽ താപനില ഉയരുമ്പോൾ മറ്റുള്ളവർക്ക് തണുത്ത കാലാവസ്ഥ അനുഭവപ്പെടുമെന്ന് ദി വെതർ നെറ്റ്വർക്ക് പ്രവചനം.
മാരിടൈംസ്
സെൻട്രൽ നോവസ്കോഷയിലും ന്യൂബ്രൺസ് വിക്കിലും ഹാലോവീൻ ദിനത്തിൽ കടുത്ത ചൂട് അനുഭവപ്പെടും. അതേസമയം ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിൽ താപനില സീസണൽ ശരാശരിയേക്കാൾ കുറച്ച് കൂടുതലായിരിക്കും. എന്നാൽ, പ്രവിശ്യയിലെ ചില പ്രദേശങ്ങളിൽ വൈകിട്ടോടെ മഴ പെയ്തേക്കാം. പ്രിൻസ് എഡ്വേഡ് ഐലൻഡിൽ വൈകിട്ട് വരെ വരണ്ട കാലാവസ്ഥ അനുഭവപ്പെടും.
ഒൻ്റാരിയോ – കെബെക്ക്
ഒൻ്റാരിയോയിലും കെബെക്കിലും, ചില പ്രദേശങ്ങളിൽ 20 ഡിഗ്രി സെൽഷ്യസിനു മുകളിൽ താപനില ഉയരും. മൺട്രിയോൾ, ടൊറൻ്റോ, ലണ്ടൻ ഒൻ്റാരിയോ, ഓട്ടവ, സഡ്ബറി എന്നിവിടങ്ങളിൽ ഇന്ന് കനത്ത ചൂടായിരിക്കും. എന്നാൽ, വടക്കൻ ഒൻ്റാറിയോയിൽ വൈകിട്ട് മഞ്ഞുമഴ പെയ്യുമെന്നും ദി വെതർ നെറ്റ്വർക്ക് പ്രവചിക്കുന്നു. ഈ പ്രദേശങ്ങളിൽ രാത്രിയിൽ അഞ്ച് മുതൽ 10 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു.
പ്രേയീസ്
ആൽബർട്ട, സസ്കാച്വാൻ, മാനിറ്റോബ എന്നീ പ്രവിശ്യകളിൽ മഴ കുറവാണെങ്കിലും, താപനില കുറയുമെന്ന് കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. തെക്കൻ മാനിറ്റോബയിൽ താപനില മൈനസ് 5 ഡിഗ്രി സെൽഷ്യസിനു താഴെയായിരിക്കും.
ബ്രിട്ടിഷ് കൊളംബിയ
പ്രവിശ്യയുടെ ചില തീരപ്രദേശങ്ങളിൽ താപനില കൂടുമ്പോൾ ഇൻ്റീരിയറിൽ താപനില ഒറ്റ അക്കത്തിലേക്ക് താഴും.