മുംബൈ: ന്യൂസിലന്‍റിനെതിരായ മൂന്നാം ടെസ്റ്റിലും ഇന്ത്യക്ക് തോൽവി. ഇന്ന് മുംബൈ വാങ്ക്‌ഡെ സ്‌റ്റേഡിയത്തില്‍ സമാപിച്ച മൂന്നാം ടെസ്റ്റില്‍ 25 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. കിവീസ് ഉയര്‍ത്തിയ 147 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ വെറും 121 റണ്‍സിന് പുറത്താകുകയായിരുന്നു. 1999 ന് ശേഷം ഇതാദ്യമായാണ് സ്വന്തം മണ്ണിൽ ഇന്ത്യ ഒരു പരമ്പര സമ്പൂർണമായി അടിയറവക്കുന്നത്.
രണ്ടാം ഇന്നിങ്‌സിൽ 147 റൺസ് വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് തൊട്ടതെല്ലാം പിഴക്കുന്ന കാഴ്ചയാണ് വാങ്ക്‌ഡെയില്‍ കണ്ടത്. ഏഴ് ബാറ്റർമാരെയാണ് കിവീസ് ബോളർമാർ രണ്ടക്കം പോലും കാണിക്കാതെ കൂടാരം കയറ്റിയത്. ആറ് വിക്കറ്റ് നേടിയ അജാസ് പട്ടേലും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഗ്ലെൻ ഫിലിപ്‌സും ചേർന്നാണ് ഇന്ത്യൻ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. ഇന്ത്യൻ നിരയിൽ അർധ സെഞ്ച്വറി നേടിയ ഋഷഭ് പന്ത് പൊരുതി നോക്കിയെങ്കിലും പന്തിന് പിന്തുണ നൽകാൻ ഒരാൾ പോലുമുണ്ടായിരുന്നില്ല.
ആദ്യ ഇന്നിങ്‌സിൽ കിവീസിനെ 235 റൺസിന് പുറത്താക്കിയ ഇന്ത്യ 263 റൺസ് അടിച്ചെടുത്ത് നേരിയ ലീഡ് നേടിയിരുന്നു. രണ്ടാം ഇന്നിങ്‌സിൽ അഞ്ച് വിക്കറ്റ് പ്രകടനവുമായി രവീന്ദ്ര ജഡേജ വീണ്ടും കളംനിറഞ്ഞതോടെ ആതിഥേയരുടെ പ്രതീക്ഷകൾ വാനോളമുയർന്നു. എന്നാൽ ഇന്ത്യയെ അതേ നാണയത്തില്‍ തിരിച്ചടിച്ചാണ് കിവീസ് കളം നിറഞ്ഞത്. വാംഖഡെയിലെ സ്പിന്‍ കെണിയില്‍ ന്യൂസിലാന്‍ സ്പിന്നര്‍മാര്‍ ഇന്ത്യയെ തന്നെ വീഴ്ത്തി.
വെറും ഒരു റൺസായിരുന്നു വിരാട് കോഹ്ലിയുടേയും ശുഭ്മാൻ ഗില്ലിന്റേയും സർഫറാസ് ഖാന്‍റേയും സംഭാവനകൾ. ജയ്‌സ്വാൾ 5, രോഹിത് ശർമ 11, ജഡേജ 6, വാഷിങ്ടൺ സുന്ദർ 12, അശ്വിൻ 8, ആകാശ് ദീപ് 0 ഇങ്ങനെ പോവുന്ന ബാക്കി സ്‌കോറുകൾ. ഇന്ത്യയൊരുക്കിയ സ്പിൻ കുഴിയിൽ ഇന്ത്യയെ തന്നെ കറക്കി വീഴ്ത്തിയ കിവീസ് നിര അഭിമാനനേട്ടവുമായാണ് നാട്ടിലേക്ക് തിരിക്കുന്നത്.