മഞ്ഞുകാലമാണ് ഇനി നമ്മെ കാത്തിരിക്കുന്നത്. ഡിസംബർ തുടങ്ങിയില്ലെങ്കിലും നവംബർ പകുതിയെത്തുമ്പോഴേക്കും തണുപ്പ് ആരംഭിക്കും. സൗന്ദര്യ സംരക്ഷണത്തിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ ചെയ്യാത്തവരെ സംബന്ധിച്ചിടത്തോളം ഏറെ ആശങ്കകള്‍ ഉള്ള ഒരു കാലം കൂടിയാണിത്. ചര്‍മ്മം വരണ്ടുപോകുന്നതും, ചുണ്ട് പൊട്ടുന്നതും, മുടി ഡ്രൈ ആകുന്നതുമെല്ലാം മഞ്ഞുകാലത്ത് സ്ഥിരമായി കണ്ടുവരുന്ന സൗന്ദര്യപ്രശ്‌നങ്ങളാണ്.
ഇത്തരം പ്രശ്‌നങ്ങളില്‍ നിന്നും സൗന്ദര്യത്തെ സംരക്ഷിക്കാന്‍ കോസ്‌മെറ്റിക് ഉല്‍പ്പന്നങ്ങളില്‍ പൊതുവായി കണ്ടുവരുന്ന ഒന്നാണ് വൈറ്റമിന്‍ ഇ ഓയില്‍. എന്നാല്‍ ഇത്തരം ഉല്‍പ്പന്നങ്ങളില്‍ കൃത്രിമ ചേരുവകളും രാസവസ്തുക്കളും ചേരുന്നതിനാല്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങളിലൂടെ അല്ലാതെ വൈറ്റമിന്‍ ഇ ശരീരത്തിലെത്തിക്കാനുള്ള ഒരു മാര്‍ഗമാണ് വൈറ്റമിന്‍ ഇ അടങ്ങിയ ഭക്ഷണം കഴിക്കുക എന്നത്. ശരീരത്തിലെ വൈറ്റമിന്‍ ഇയുടെ അളവ് വര്‍ധിപ്പിക്കുന്ന ഭക്ഷണങ്ങളാണ് ചുവടെ.
വെണ്ണപ്പഴമെന്ന് നമ്മള്‍ വിളിക്കുന്ന അവക്കാഡോയുടെ പോഷകഗുണങ്ങള്‍ തിരിച്ചറിഞ്ഞ് അടുത്തകാലത്തായി ഈ പഴത്തെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയവര്‍ നിരവധിയാണ്. പാലിനൊപ്പം അടിച്ച് ഷേക്ക് ആയോ സാലഡ് ആയോ മുട്ട, മാംസം, പച്ചക്കറികള്‍ എന്നിവയ്‌ക്കൊപ്പം ഉടച്ച് ചേര്‍ത്തോ ഒക്കെ അവക്കാഡോ കഴിക്കാം.
വൈറ്റമിന്‍ ഇ സമ്പുഷ്ടമാണ് സൂര്യകാന്തി വിത്തുകള്‍. രാവിലെ ചായക്കൊപ്പം അല്‍പ്പം സൂര്യകാന്തി വിത്തുകള്‍ വറുത്തത് കൂടി കഴിക്കുകയാണെങ്കില്‍ ആരോഗ്യത്തിന് വളരെ നല്ലതാണ്. അല്ലെങ്കില്‍ അരിമാവിലോ ഓട്‌സിലോ മറ്റ് ഭക്ഷണങ്ങളിലോ ചേര്‍ത്തും ഇത് കഴിക്കാം.
അഞ്ച് ബദാം രാത്രിയില്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് രാവിലെ എഴുന്നേറ്റ് തൊലി നീക്കം ചെയ്ത് കഴിക്കുന്നത് അത്യുത്തമമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പ്രഭാത ഭക്ഷണത്തിനൊപ്പമോ ചായയുടെ കൂടെയോ ഇത് കഴിക്കാം.
ശരീരത്തിലെ വൈറ്റമിന്‍ ഇയുടെ അളവ് വര്‍ധിപ്പിക്കാന്‍ മികച്ച മറ്റൊരു ഭക്ഷണസാധനമാണ് നിലക്കടല. സാധാരണയായി നിലക്കടല നാം വറുത്താണ് കഴിക്കുന്നത്. എന്നാല്‍ ഉപ്പുമാവില്‍ ചേര്‍ത്തും പീനട്ട് ബട്ടറായും മറ്റ് വിഭവങ്ങളില്‍ അരച്ച് ചേര്‍ത്തുമൊക്കെ നിലക്കടല ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം.
ചീരയുടെ പോഷകഗുണങ്ങള്‍ അനവധിയാണ്. തോരനായോ രാവിലെ പ്രഭാത ഭക്ഷണത്തിന് ദോശയിലോ ഓംലെറ്റിലോ അരിഞ്ഞുചേര്‍ത്തോ ഒക്കെ ചീര കഴിക്കാം.