ടൊറൻ്റോ : ക്വീൻസ് സ്ട്രീറ്റിലുടനീളം സ്ട്രീറ്റ്കാർ സർവീസ് പുനഃരാരംഭിക്കുമെന്ന് ടിടിസി. ട്രാക്ക്, ഓവർഹെഡ് ജോലികൾ പൂർത്തിയായതിനാലാണ് നീക്കം. അഡ്‌ലെയ്ഡ്, റിച്ച്മണ്ട്, യോർക്ക് സ്ട്രീറ്റുകളിലെ പണിയാണ് പൂർത്തിയായത്. നെവിൽ പാർക്ക് മുതൽ സൗത്ത് എറ്റോബിക്കോ വരെയാണ് 501 ക്വീൻ സ്ട്രീറ്റ്കാറിന് പ്രവർത്തനാനുമതി. ചർച്ചിനും യോർക്കിനുമിടയിൽ സ്ട്രീറ്റ്കാർ സർവീസിൻ്റെ അഭാവം നികത്താൻ പകരം ബസുകൾ സർവീസ് നടത്തും. എന്നാൽ പുതിയ ട്രാക്കുകളുടെ നിർമ്മാണം പൂർത്തിയാകുന്ന നവംബർ 10 മുതൽ സ്ട്രീറ്റ്കാർ സർവീസ് ആരംഭിക്കും.
സ്ട്രീറ്റ്കാർ സർവീസ് പുനഃസ്ഥാപിക്കുന്നത് വഴി വലിയ പ്രതിസന്ധികൾ ഇല്ലാതാകുമെന്ന് ടൊറൻ്റോ മേയർ ഒലിവിയ ചൗ പറഞ്ഞു. അതേസമയം ക്വീൻസ് സ്ട്രീറ്റിൽ സ്ട്രീറ്റ്കാർ സേവനം പുനഃസ്ഥാപിക്കുന്നത് യാത്രക്കാരെ സഹായിക്കുമെന്ന് ടിടിസി സിഇഒ ഗ്രെഗ് പെർസി വ്യക്തമാക്കി. ഒൻ്റാരിയോയിലെ സ്ട്രീറ്റ്കാർ ലൈനിലെ നിർമ്മാണത്തിനായി 2027 വരെ ക്വീൻസ്-യങ് സ്ട്രീറ്റിലെ ഇന്‍റർസെക്ഷൻ അടച്ചിരിക്കുകയാണ്.