വയനാട്, ചേലക്കര മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രാ ശേഷിക്കെ പ്രചാരണം അവസാന ലാപ്പിലേക്ക്. ഈ മാസം പതിമൂന്നിന് തിരഞ്ഞെടുപ്പ് നടക്കുന്ന ഇരുമണ്ഡലങ്ങളിലും തിങ്കളാഴ്ചയാണ് കൊട്ടിക്കലാശം. യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി ഇന്ന് വീണ്ടും വയനാട്ടിൽ എത്തും. ആറിടങ്ങളിൽ അവർ പ്രചരണം നയിക്കും. പ്രിയങ്കയ്ക്കൊപ്പം രാഹുൽ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും.പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം ഒഴുക്കിയ തിരുനെല്ലി ഇരുവരും സന്ദർശിക്കും. അതിന് ശേഷം കൽപ്പറ്റയിലും തിരുവമ്പാടിയിലും നടക്കുന്ന കൊട്ടിക്കലാശങ്ങളിൽ പങ്കെടുക്കും.ചേലക്കരയിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അടക്കമുള്ളവരാണ് ഇന്ന് പ്രചാരണത്തിന് എത്തുക.
അതേസമയം പാലക്കാട് പ്രചാരണം അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇനിയുള്ള 8 ദിവസങ്ങൾ വീടുകൾ കയറിയുള്ള പ്രചരണങ്ങളും റാലികളുമെല്ലാമായി കൊഴുപ്പിക്കാനാണ് പാർട്ടികളുടെ ആലോചന. വയനാടും ചേലക്കരയും പോരാട്ടം കഴിയുന്നതോടെ മൂന്ന് പാർട്ടികളുടേയും കൂടുതൽ നേതാക്കൾ പാലക്കാട്ടേക്ക് എത്തും. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇരുമണ്ഡലങ്ങളിലും ചുമതലയുള്ള 37 ഓളം നേതാക്കളോട് പാലക്കാടേക്ക് എത്താൻ കെ പി സി സി നേതൃത്വം നിർദ്ദേശം നൽകി കഴിഞ്ഞു. സി പി എമ്മിന് വേണ്ടി മുഖ്യമന്ത്രി അടക്കമുള്ളവർ വരും ദിവസങ്ങളിൽ എത്തും.