ഓട്ടവ: ബാങ്കിങ് മേഖലയിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കാനൊരുങ്ങി കാനഡ പോസ്റ്റ്. Koho Financial Inc-ൻ്റെ പങ്കാളിത്തത്തോടെ ചെക്കിംഗ്, സേവിംഗ്സ് അക്കൗണ്ട് സേവനങ്ങൾ തുടങ്ങാനാണ് പുതിയ പദ്ധതി.കാനഡ പോസ്റ്റിലെ ജീവനക്കാർക്കാണ് ആണ് ഈ സേവനം ആദ്യം ലഭ്യമാവുക.തുടർന്ന് അടുത്തവർഷത്തോടെ ദേശവ്യാപകമായി പദ്ധതി നടപ്പാക്കും. നിലവിലെ ബാങ്കിംഗ്, സേവിംഗ്സ് സേവനങ്ങളിലുള്ള ചെറിയ അപര്യാപ്തതകൾ നികത്താൻ ലക്ഷ്യമിട്ടാണ് പുതിയ നടപടിയെന്ന് കാനഡ പോസ്റ്റ് വക്താവ് ലിസ ലിയു പ്രസ്താവനയിൽ പറഞ്ഞു.
കാനഡ പോസ്റ്റിൻ്റെ നിലവിലുള്ള സാമ്പത്തിക സേവനങ്ങൾ പുതിയ കനേഡിയക്കാരുടെയും ഗ്രാമീണ, വിദൂര, മേഖലകളിൽ താമസിക്കുന്നവരുടെയും ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നതാണ്. എന്നാൽ ഇതിലും കൂടുതലായി ചില സേവനങ്ങൾ ആവശ്യമാണെന്ന് മനസ്സിലാക്കിയാണ് പുതിയ പദ്ധതി എന്നും ലിസ ലിയു പറഞ്ഞു. ഉയർന്ന പലിശ നിരക്കുകൾ, ക്യാഷ്ബാക്ക് റിവാർഡുകൾ, തുടങ്ങിയ ഫീച്ചറുകൾ ഉൾക്കൊള്ളുന്ന അക്കൗണ്ടായിരിക്കും പുതുതായി അവതരിപ്പിക്കുന്ന മൈമണി ഓഫർ. മാസ്റ്റർകാർഡ് പോലുള്ള സേവനമാണ് മറ്റൊന്ന്. ഇതുപയോഗിച്ച് ഡെബിറ്റ് കാർഡ് പോലെ അക്കൗണ്ടിൽ നിന്നുള്ള പണം ഉപയോഗിച്ച് ഇടപാടുകൾ നടത്താനാകും. അതേ സമയം മാസ്റ്റർകാർഡിൻ്റെ സവിശേഷതകളും ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്.