ഹാലിഫാക്സ് : ശനിയാഴ്‌ച മാരിടൈംസ് പ്രവിശ്യകളിൽ തണുത്തതും കാറ്റുള്ളതുമായ കാലാവസ്ഥ അനുഭവപ്പെടും. റീമെമ്പ്രൻസ് ദിനമായ തിങ്കളാഴ്ച മഴ പെയ്യാൻ സാധ്യത ഉണ്ടെന്നും എൻവയൺമെൻ്റ് കാനഡ റിപ്പോർട്ട് ചെയ്തു. മാരിടൈംസിലെ ഭൂരിഭാഗം പ്രദേശങ്ങളിലും രാത്രി താപനില നാല് ഡിഗ്രി സെൽഷ്യസ് മുതൽ പൂജ്യം വരെയായി താഴും. വടക്കൻ ന്യൂബ്രൺസ് വിക്കിൽ പൂജ്യത്തിനും മൈനസ് 2 ഡിഗ്രിക്കും ഇടയിലായിരിക്കും താപനില. ശനിയാഴ്ച ഉയർന്ന താപനില രണ്ട് മുതൽ ഏഴ് ഡിഗ്രി വരെ ആയിരിക്കും.
പ്രിൻസ് എഡ്വേഡ് ഐലൻഡിന്‍റെ വടക്കൻ തീരപ്രദേശത്തെ തുറന്ന പ്രദേശങ്ങളിൽ മണിക്കൂറിൽ 50 മുതൽ 70 കിലോമീറ്റർ വേഗത്തിലും കിഴക്കൻ നോവസ്കോഷയിൽ മണിക്കൂറിൽ 70 മുതൽ 90 വരെ കിലോമീറ്റർ വരെ വേഗത്തിലും കാറ്റ് പ്രതീക്ഷിക്കുന്നു. സെൻ്റ് ലോറൻസ് ഉൾക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദ്ദത്തെ തുടർന്ന് ശനിയാഴ്ച രാവിലെ ന്യൂബ്രൺസ് വിക്കിൻ്റെ കിഴക്കൻ തീരപ്രദേശം, കിഴക്കൻ നോവസ്കോഷ, പ്രിൻസ് എഡ്വേഡ് ഐലൻഡ് എന്നിവിടങ്ങളിൽ മഴ പെയ്യും. അതേസമയം നോവസ്കോഷയിലെ കെയ്പ് ബ്രെറ്റണിൽ അഞ്ച് മുതൽ 10 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് സൂചനയുണ്ട്. പടിഞ്ഞാറ് നിന്ന് ഉയർന്ന മർദ്ദം രൂപപ്പെടുന്നതിനാൽ ഞായറാഴ്ച മെച്ചപ്പെട്ട അവസ്ഥ പ്രതീക്ഷിക്കുന്നു. കാറ്റ് കുറയുകയും അത് മിക്കവാറും വെയിലുള്ള ദിവസമായിരിക്കും. ആറ് മുതൽ 11 ഡിഗ്രി വരെ ഉയർന്ന താപനിലയാണ് പ്രതീക്ഷിക്കുന്നത്.