കൊച്ചി: ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി കൊച്ചിയുടെ കായല്‍പ്പരപ്പുകൾ. കേരളത്തിലെ ജലാശയങ്ങളെയും വിമാനത്താവളങ്ങളെയും തമ്മില്‍ ബന്ധിപ്പിച്ചുള്ള സീ പ്ലെയിന്‍ പദ്ധതിയുടെ പരീക്ഷണപ്പറക്കലിനായുള്ള വിമാനം ഇന്ന് കൊച്ചിയിലെത്തും. ഉച്ചയ്ക്ക് ഒരു മണിയോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന ഡിഹാവിലാന്‍ഡ് എന്ന കനേഡിയന്‍ കമ്പനിയുടെ സീ പ്ലെയിന്‍ രണ്ടരയോടെ ബോള്‍ഗാട്ടി പാലസ് വാട്ടര്‍ ഡ്രോമില്‍ പറന്നിറങ്ങും.
പരീക്ഷണ പറക്കലിന്റെ ഔദ്യോഗിക ഫ്‌ളാഗ് ഓഫ് നാളെ രാവിലെ 9.30-ന് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ശേഷം ഇടുക്കിയിലെ മാട്ടുപ്പെട്ടി ഡാമിലേക്ക് വിമാനം പറക്കും. മാട്ടുപ്പെട്ടിയുടെ ജലനിരപ്പിലിറങ്ങുന്ന വിമാനത്തെ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. കരയിലും വെള്ളത്തിലും പറന്നിറങ്ങാനാവുന്ന ആംഫീബിയന്‍ വിമാനങ്ങളാണ് സീ പ്ലെയിന്‍ പദ്ധതിക്ക് ഉപയോഗിക്കുക.
നാളെ ഉച്ചയ്ക്ക് 1.30 മുതല്‍ 4.30 വരെയും പരീക്ഷണ പറത്തല്‍ നടത്തുന്ന 11-ന് രാവിലെ 9 മുതല്‍ 11 വരെയും ടൂറിസ്റ്റ്, സ്വകാര്യ, മത്സ്യബന്ധന ബോട്ടുകള്‍ക്ക് കായലില്‍ ഇറങ്ങുന്നതിന് നിയന്ത്രണമുണ്ടാകും. മറൈന്‍ഡ്രൈവ് മേഖല, ഗോശ്രീ പാലം മുതല്‍ ബോള്‍ഗാട്ടി വരെയും വല്ലാര്‍പാടം മുതല്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ ടാങ്കര്‍ ബര്‍ത്ത് വരെയുമുള്ള മേഖലകളിലായിരിക്കും നിയന്ത്രണം. ഡ്രോണ്‍ പറത്തുന്നതും നിരോധിച്ചിട്ടുണ്ട്.