ചെന്നൈ: തെന്നിന്ത്യൻ നടൻ ഡല്‍ഹി ഗണേഷ് (80) അന്തരിച്ചു. ഏറെ നാളായി രോഗബാധിതനായിരുന്നു. ശനിയാഴ്ച രാത്രി ചെന്നൈയിലായിരുന്നു അന്ത്യം. തമിഴ് സിനിമയിലൂടെ തിളങ്ങിയ ഗണേഷ് മലയാളത്തിലും ഹിന്ദിയിലും മറ്റു വിവിധ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. നാനൂറിലധികം സിനിമകളിലും നിരവധി ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടു. ഇന്ത്യൻ 2 വിലാണ് അവസാനമായി അഭിനയിച്ചത്.
കെ.ബാലചന്ദർ സംവിധാനം ചെയ്ത പട്ടണപ്രവേശത്തിലൂടെയാണ് ഡൽഹി ഗണേഷ് സിനിമാരംഗത്തേക്ക് എത്തുന്നത്. സിനിമയിലെത്തിയശേഷം കെ ബാലചന്ദര്‍ ആണ് ഗണേശൻ എന്ന യഥാര്‍ത്ഥ പേര് മാറ്റി ഡല്‍ഹി ഗണേശ് എന്ന പേര് നൽകിയത്. വ്യോമസേന ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം സിനിമയിൽ അഭിനയിക്കാനായി ജോലി ഉപേക്ഷിച്ചു. ധ്രുവം, കാലാപാനി, ദേവാസുരം, കീര്‍ത്തിചക്ര, പോക്കിരിരാജ തുടങ്ങിയ നിരവധി മലയാള സിനിമകളിൽ ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അവ്വൈ ഷണ്മുഖി, തെന്നാലി, സിന്ധുഭൈരവി, നായകൻ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളും ഏറെ ശ്രദ്ധമായിരുന്നു. 1979-ൽ പാസി എന്ന ചിത്രത്തിലൂടെ തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും 1994-ൽ കലൈമാമണി പുരസ്കാരവും ഡൽഹി ഗണേഷ് സ്വന്തമാക്കി. സംസ്കാരം ഇന്ന് ചെന്നൈയിൽ നടക്കും.