ബ്രിട്ടീഷ് കൊളംബിയയിൽ ആദ്യത്തെ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഒരു കൗമാരക്കാരനാണ് പരിശോധനയിൽ H5 ഏവിയൻ ഫ്ലൂ പോസിറ്റീവായത്. രോഗത്തിന്റെ ഉറവിടം കണ്ടുപിടിക്കാൻ ആരോഗ്യ ഉദ്ധ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുകയാണ്. പക്ഷിപ്പനി വൈറസ് ബാധിച്ച പക്ഷിയിൽ നിന്നോ മൃഗത്തിൽ നിന്നോ രോഗം ബാധിച്ചിരിക്കാമെന്നാണ് പ്രാഥമിക കണ്ടെത്തൽ. വൈറസ് സാധാരണയായി കാട്ടുപക്ഷികളിലും കോഴികളിലും സസ്തനികളിലുമാണ് കാണപ്പെടുന്നത്. പക്ഷിപ്പനി മനുഷ്യരെ വളരെ അപൂർവമായി മാത്രമേ ബാധിക്കുകയുള്ളൂ.
എന്നാൽ സസ്തനികളിലേക്കുള്ള പക്ഷിപ്പനി വ്യാപനത്തെക്കുറിച്ച് ശാസ്ത്രജ്ഞർ ആശങ്കാകുലരാണ്, അടുത്ത സമ്പർക്കത്തിലൂടെയോ മലിനമായ അന്തരീക്ഷത്തിലൂടെയോ ആളുകളിലേക്ക് പകരാനുള്ള സാധ്യതയും കൂടുതലാണ്. സസ്തനികൾക്കിടയിൽ പക്ഷിപ്പനി പടരുന്നത് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരാനുള്ള സാധ്യത വർധിപ്പിക്കുന്നതാണെന്നും വിദഗ്ധർ ഭയപ്പെടുന്നു. രോഗബാധിതരായ മൃഗങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്താതെ യുഎസിൽ ആദ്യമായി മിസോറി സ്വദേശിക്ക് പക്ഷിപ്പനി ബാധിച്ചിരുന്നു. ഇത് സംക്രമണ രീതികളിലെ മാറ്റത്തെ സൂചിപ്പിക്കുന്നു. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് സ്ഥിരമായി പകരുന്ന തെളിവുകളൊന്നും നിലവിൽ ഇല്ല.