കൊല്ലം: എന്‍.പ്രശാന്ത് ഐ.എ.എസിനെതിരേ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി മുന്‍ മന്ത്രിയും സി.പി.എം നേതാവുമായ ജെ. മേഴ്‌സിക്കുട്ടിയമ്മ. ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തിന് പിന്നില്‍ പ്രശാന്താണെന്ന് മേഴ്‌സിക്കുട്ടിയമ്മ ആരോപിച്ചു. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന പ്രശാന്ത് രാഷ്ട്രീയ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. തീരദേശ മണ്ഡലങ്ങള്‍ യു.ഡി.എഫിന് ഉറപ്പാക്കുക എന്നതായിരുന്നു ഇതിനു പിന്നിലെ ലക്ഷ്യം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രശാന്ത് യുഡിഎഫിനു വേണ്ടി ഗൂഢാലോചന നടത്തി. വഞ്ചനയുടെ പര്യായമായ സർക്കാർ ഉദ്യോഗസ്ഥനാണ് പ്രശാന്തെന്നും ആഴക്കടൽ മത്സ്യബന്ധനം അതിന്റെ തെളിവാണെന്നും മേഴ്സിക്കുട്ടിയമ്മ ഫെയ്സ്ബുക്കിൽ കുറിച്ചു.
രമേശ് ചെന്നിത്തല ആരോപിച്ചത് ഫിഷറീസ് വകുപ്പ് എം.ഒ.യുവില്‍ ഒപ്പുവച്ചു എന്നായിരുന്നു. എന്നാല്‍ എം.ഒ.യു ഒപ്പുവച്ചിരിക്കുന്നത് ഇന്‍ലാന്‍ഡ് നാവിഗേഷന്റെ എം.ഡിയായ പ്രശാന്തുമായിട്ടായിരുന്നു. ആഴക്കടല്‍ ട്രോളറുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചത് എന്ന് അന്വേഷിച്ചപ്പോഴാണ് ഗൂഢാലോചനയെക്കുറിച്ച് മനസ്സിലാകുന്നത്. വ്യവസായ വകുപ്പ് കൊച്ചിയില്‍ നിക്ഷേപ സംഗമം നടത്തിയിരുന്നു. അവിടെ വന്ന ചില വികസന പദ്ധതികള്‍ എന്ന വ്യാജേനയാണ് വ്യവസായ വകുപ്പുമായി ബന്ധമില്ലാത്ത ഇന്‍ലാൻഡ് നാവിഗേഷന്‍ എംഡി 5000 കോടി രൂപയുടെ വികസന പദ്ധതി ഇഎംസിസിയുമായി എം ഒ യു ഒപ്പുവെക്കുന്നത്. ഫിഷറീസ് വകുപ്പ് അറിയാത്ത ഒരു കാര്യം മന്ത്രി ‘കടല്‍ വിറ്റു’ എന്ന രീതിയില്‍ പ്രചരിച്ചു. ഈ നുണപ്രചാരണത്തിന് താന്‍ ക്രൂരമായി വിധേയമായി. കൊല്ലം രൂപത കൊല്ലം ബിഷപ്പിന്റെ പേരില്‍ ‘ഇടയലേഖനം’ ഇറക്കി. ഈ മേഖലയിലെ സ്ഥാപിത താല്പര്യക്കാരും സംഘപരിവാരും യുഡിഎഫും കൈകോര്‍ത്തുവെന്നും മേഴ്‌സിക്കുട്ടിയമ്മ ആരോപിച്ചു.