സൗദിയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് ഇരുപതിനായിരത്തിലേറെ പ്രവാസികളെന്ന് റിപ്പോർട്ട്.ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടത്തിയ റെയിഡുകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച 20,778 പ്രവാസികളെ സൗദി അധികൃതര്‍ പിടികൂടിയത്.ഒക്ടോബര്‍ 31നും നവംബര്‍ 6നും ഇടയിലായിരുന്നു റെയിഡ്.നേരത്തേ വിവിധ നിയമ ലംഘനങ്ങള്‍ക്ക് പിടിയിലായ 9,254 പ്രവാസികളെ സൗദിയില്‍ നിന്ന് നാടുകടത്തിയതായും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ച അറസ്റ്റിലായവരില്‍ 11,523 പ്രവാസികള്‍ താമസ നിയമങ്ങള്‍ ലംഘിച്ചതിനാണ് പിടിയിലായത്. 5,711 പേര് അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനും 3,544 പേര് തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിനും പിടിക്കപ്പെട്ടു.
അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച് അതിര്‍ത്തികള്‍ വഴി രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ചതിന് 1,569 പേരെയാണ് സുരക്ഷാ അധികൃതര്‍ പിടികൂടിയത്. ഇങ്ങനെ അറസ്റ്റിലായവരില്‍ 73 ശതമാനം എത്യോപ്യക്കാരും 24 ശതമാനം യെമനികളും ബാക്കി മൂന്നു ശതമാനം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. ആവശ്യമായ രേഖകളില്ലാതെ അനധികൃതമായി രാജ്യത്തിന് പുറത്തേക്ക് അതിര്‍ത്തികള്‍ വഴി കടക്കാന്‍ ശ്രമിച്ച 63 പേരെയും അധികൃതര്‍ പിടികൂടി. കൂടാതെ, നിയമ ലംഘകര്‍ക്ക് സൗകര്യമൊരുക്കുകയും, അഭയം നല്‍കുകയും, ജോലി നല്‍കുകയും അതിന് സൗകര്യം ചെയ്തുകൊടുക്കുകയും ചെയ്ത 15 വ്യക്തികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പുതുതായി അറസ്റ്റിലായവരെ കൂടാതെ 20,363 പ്രവാസികള്‍ വിവിധ നിയമലംഘനങ്ങളുടെ പേരില്‍ നിയമനടപടികള്‍ നേരിടുന്നതായും അധികൃതര്‍ അറിയിച്ചു. ഇവരില്‍ 2,448 പേര് സ്ത്രീകളാണ്. ഇവരില്‍ 12,138 പേരെ നാട്ടിലേക്കുള്ള യാത്രാരേഖകള്‍ ശരിയാക്കുന്നതിനായി ബന്ധപ്പെട്ട നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്. 3,128 പേര്‍ക്ക് അവരുടെ യാത്രാ ബുക്കിങ് അന്തിമമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.നിയമലംഘകര്‍ക്ക് ഏതെങ്കിലും രീതിയില്‍ സഹായം നല്കുന്ന വ്യക്തികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി. ഇവര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാന്‍ സൗകര്യം നല്‍കുകയോ അവര്‍ക്ക് യാത്ര ചെയ്യാന്‍ വാഹനം നല്‍കുകയോ താമസത്തിന് സൗകര്യം ഒരുക്കി നല്‍കുകയോ ജോലി നല്‍കുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യമായാണ് സൗദി ആഭ്യന്തര മന്ത്രാലയം കാണുന്നത്. ഇത്തരം കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവും ഒരു ദശലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷ. അതിനു പുറമെ ഈ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ച വാഹനങ്ങളും കെട്ടിടങ്ങളും നിയമനടപടിക്ക് വിധേയമാവുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.