ലെബനനിലെ പേജർ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്രയേൽ. ഹിസ്ബുള്ളക്കെതിരെ നടത്തിയ ആസൂത്രിത ആക്രമണമാണ് പേജർ സ്ഫോടനമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.ഹിസ്ബുള്ള നേതാവ് ഹസ്സൻ നസറുള്ളയുടെ വധവും പേജർ ഓപ്പറേഷനും നടത്തിയത് ഇസ്രയേൽ പ്രതിരോധ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ എതിർപ്പുകൾ കൂടി അവഗണിച്ചാണെന്ന് ബെഞ്ചമിൻ നെതന്യാഹു വെളിപ്പെടുത്തി.
ലെബനനിൽ ഹിസ്ബുള്ള പ്രവർത്തകരെ കേന്ദ്രീകരിച്ച് നടത്തിയ ആക്രമണത്തിൽ 39 പേർ കൊല്ലപ്പെടുകയും മൂവായിരം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. സെപ്റ്റംബർ 17, 18 തീയതികളിലാണ് ഇസ്രയേലിന്റെ ഓപ്പറേഷൻ നടന്നത്. ലെബനനിൽ കൂടാതെ സിറിയയിലുള്ള ഹിസ്ബുള്ള അംഗങ്ങളുടെ പേജറുകളും പൊട്ടിത്തെറിച്ചിരുന്നു.ഹിസ്ബുള്ള സംഘാംഗങ്ങൾ പരസ്പരം ആശയവിനിമയം നടത്തുന്നതിനായി കൈവശം കരുതിയിരുന്ന ഉപകരണങ്ങളാണ് പേജറുകളും വാക്കി-ടോക്കികളും.