ന്യൂഡൽഹി: സുപ്രീം കോടതിയുടെ 51–ാം ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ഇന്ന് ചുമതലയേൽക്കും. രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. മേയ് 13 വരെ 6 മാസമാണ് കാലാവധി. 1983ല്‍ ജില്ലാ കോടതിയില്‍ അഭിഭാഷകനായി തുടങ്ങിയ ഡല്‍ഹി സ്വദേശിയായ ഖന്ന 2005ല്‍ ഡല്‍ഹി ഹൈക്കോടതി അഡി. ജഡ്ജിയും പിന്നീട് സ്ഥിരം ജഡ്ജിയുമായി. ഹൈക്കോടതി ചീഫ് ജസ്‌റ്റിസാകുന്നതിനു മുന്‍പുതന്നെ സുപ്രീം കോടതിയിലേക്ക് നിയമിക്കപ്പെട്ട ചുരുക്കം ചിലരില്‍ ഒരാളാണ് ജസ്‌റ്റിസ് സഞ്ജീവ് ഖന്ന. 2019ലായിരുന്നു നിയമനം. ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് സീനിയോരിറ്റി ഉണ്ടായിട്ടും അടിയന്തരാവസ്ഥയെ എതിര്‍ത്ത് വിധിന്യായം എഴുതിയതിന്‍റെ പേരില്‍ പരിഗണിക്കപ്പെടാതെ പോയ സുപ്രീം കോടതി മുന്‍ ജഡ്ജ് എച്ച്.ആര്‍.ഖന്നയുടെ അനന്തരവനാണ് സഞ്ജീവ് ഖന്ന.
പൗരത്വ നിയമ ഭേദഗതി, രാജ്യദ്രോഹക്കുറ്റം, വൈവാഹിക ബലാത്സംഗം, മുത്തലാഖ്, തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളുടെ നിയമനം, ശബരിമല സ്ത്രീ പ്രവേശന വിധിയുടെ പുനഃപരിശോധന തുടങ്ങി നിര്‍ണായകമായ ഒട്ടേറെ ഹര്‍ജികളാണ് സഞ്ജീവ് ഖന്നയ്ക്കു മുന്നിലുള്ളത്. പൗരസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഒട്ടേറെ കേസുകളിൽ ശക്തമായ നിലപാട് എടുത്തിട്ടുണ്ട് ജസ്റ്റിസ് സഞ്ജീവ് ഖന്ന. അരവിന്ദ് കേജ്‌രിവാളിന് മദ്യനയക്കേസിൽ ജാമ്യം അനുവദിച്ചത് ജസ്റ്റിസ് ഖന്നയുടെ ബെഞ്ചായിരുന്നു. നിയമന ശുപാർശ നൽകിയ കാലത്തെ കൊളീജിയം അധ്യക്ഷനും ചീഫ് ജസ്റ്റിസുമായിരുന്ന രഞ്ജൻ ഗൊഗോയിക്കെതിരായ ലൈംഗികാതിക്രമ പരാതി തള്ളിയത് ജസ്റ്റിസ് ഖന്നയുടെ ബെഞ്ചാണ്. കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയത് ശരിവെക്കുകയും ഇല്ക്ട്രല്‍ ബോണ്ടുകള്‍ റദ്ദാക്കുകയും ചെയ്ത ഭരണഘടന ബെഞ്ചുകളുടെയും ഭാഗമായിട്ടുണ്ട്.