ആലപ്പുഴ: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം നവംബർ 15 മുതൽ 18 വരെ ആലപ്പുഴയിൽ നടക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ നവംബർ 15ന് സെന്റ് ജോസഫ്സ് സ്കൂളിൽ വെച്ച് ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ വി ശിവൻകുട്ടി, കെ എൻ ബാലഗോപാൽ, സംഘാടക സമിതി ചെയർമാൻ കൂടിയായ മന്ത്രി സജി ചെറിയാൻ, പി പ്രസാദ് തുടങ്ങിയവർ പങ്കെടുക്കും. നഗരത്തിലെ അഞ്ച് സ്കൂളുകളാണ് പ്രധാന വേദികളാവുക. ശാസ്ത്രോത്സവത്തിന്റെ പ്രധാന വേദിയായ സെന്റ് ജോസഫ് ഹൈസ്കൂളിൽ സാമൂഹികശാസ്ത്ര, ഐടി മേളകളും, ലിയോ തേർട്ടീന്ത് സ്കൂളിൽ ശാസ്ത്രമേളയും, ലജ്ജനത്തുൽ മുഹമ്മദീയ ഹൈസ്കൂളിൽ ഗണിതശാസ്ത്രമേളയും, എസ്.ഡി.വി.ബോയ്സ്,ഗേൾസ് സ്കൂളുകളിൽ പ്രവർത്തി പരിചയമേളയും നടക്കും.
ഇത്തവണ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് സംഘാടക സമിതിയുടെ പേരിൽ എഡ്യുക്കേഷൻ മിനിസ്റ്റേഴ്സ് ട്രോഫി ഏർപ്പെടുത്തിയിട്ടുണ്ട്. 5,000 ത്തോളം വിദ്യാർത്ഥികൾ 180 ഓളം ഇനങ്ങളിലായാണ് സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ പങ്കെടുക്കുന്നത്. മേളയോടനുബന്ധിച്ച് എല്ലാ ദിവസവും വൈകുന്നേരം വിവിധ കലാപരിപാടികളും അരങ്ങേറും. ശാസ്ത്രോത്സവത്തിന്റെ ഭാഗമായി വി.എച്ച്.എസ് ഇ എക്സ്പോയും നടക്കും. നവംബർ 16-ന് ശാസ്ത്ര സംവാദത്തിൽ ഐ എസ് ആർ ഒ ചെയർമാൻ ഡോ.എസ്. സോമനാഥ്, ഇന്ത്യാ മിസൈൽ വുമൺ ഡോ.ടെസ്സി തോമസ് തുടങ്ങിയവർ വിദ്യാർത്ഥികളുമായി ശാസ്ത്രസംവാദം നടത്തും. നവംബർ 17-ന് ഗഗൻയാൻ പ്രോജക്ട് ഡയറക്ടർ ഡോ.എം.മോഹനൻ, ടെക്ജെന്‍ഷ്യ സി.ഇ.ഒ. ജോയി സെബാസ്റ്റ്യൻ എന്നിവരും വിദ്യാർത്ഥികളോട് സംവദിക്കും.