ആവേശം നിറഞ്ഞ ഉപതിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഒടുവില്‍ വയനാട്, ചേലക്കര മണ്ഡലങ്ങളിലെ കൊട്ടിക്കലാശം ഇന്ന്. വൈകിട്ട് അഞ്ചിന് പരസ്യപ്രചാരണം അവസാനിക്കും. മൂന്നു മുന്നണികളും വോട്ടുറപ്പിക്കാനുള്ള പോരാട്ടത്തിലാണ്. വയനാട് ബത്തേരിയിലും കോഴിക്കോട് തിരുവമ്പാടിയിലും നടക്കുന്ന റോഡ് ഷോകളിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്കൊപ്പം ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും പങ്കെടുക്കും. എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി വൈകിട്ട് നാലിനു കൽപറ്റയിൽ റോഡ് ഷോ നടത്തും. കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പങ്കെടുക്കും. ബത്തേരി ചുങ്കത്താണ് എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസിന്റെ പ്രചാരണസമാപനം നടക്കുന്നത്.
ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യു.ആർ.പ്രദീപിനുവേണ്ടി കഴിഞ്ഞ 2 ദിവസങ്ങളിലായി 6 പൊതുയോഗങ്ങളിൽ പ്രസംഗിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പ്രചാരണത്തിനു നേതൃത്വം നൽകിയിരുന്നു. യു ആര്‍ പ്രദീപിനായി പാലക്കാട് സ്ഥാനാര്‍ത്ഥി പി സരിനും ഇന്ന് കലാശക്കൊട്ടില്‍ അണിനിരക്കും. കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്റെ പ്രചാരണം നയിച്ചു. തൃശൂരിലെ ജയത്തിന്റെ ആവേശം ചേലക്കരയിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് എൻഡിഎയും സ്ഥാനാർഥി കെ.ബാലകൃഷ്ണനും. കല്‍പ്പാത്തി രഥോത്സവം പ്രമാണിച്ച് തിരഞ്ഞെടുപ്പ് 20-ാം തീയതിയിലേക്ക് മാറ്റിയതിനാല്‍ പാലക്കാട് കൊട്ടിക്കലാശം 18-നാണ് നടക്കുക.