ഓട്ടവ : കാനഡ പോസ്റ്റ് മുന്നോട്ടു വെച്ച പുതിയ കരാർ നിരസിച്ച് 72 മണിക്കൂർ പണിമുടക്ക് നോട്ടീസ് നൽകി കനേഡിയൻ പോസ്റ്റൽ ജീവനക്കാർ. ചർച്ച നടത്തി ഒത്തുതീർപ്പിൽ എത്തിയില്ലെങ്കിൽ വെള്ളിയാഴ്ച മുതൽ തൊഴിലാളികൾ നിയമപരമായി പണിമുടക്കുമെന്ന് ചൊവ്വാഴ്ച രാവിലെ പുറത്തിറക്കിയ പ്രസ്താവനയിൽ പോസ്റ്റൽ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്സ് (CUPW) അറിയിച്ചു.
എന്നാൽ, വെള്ളിയാഴ്ച ക്കുള്ളിൽ പണിമുടക്ക് ഉണ്ടാകുമോ എന്നത് ദേശീയ എക്സിക്യൂട്ടീവ് ബോർഡ് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് യൂണിയൻ പറയുന്നു. പണിമുടക്ക് അടുത്ത ദിവസങ്ങളിൽ നടക്കുന്ന കരാർ ചർച്ചകളിൽ കാനഡ പോസ്റ്റിൻ്റെ പ്രവർത്തനങ്ങളെ ആശ്രയിച്ചിരിക്കുമെന്നും യൂണിയൻ വ്യക്തമാക്കി. കാനഡ പോസ്റ്റിൻ്റെ ഏറ്റവും പുതിയ കരാർ ഓഫറിൽ നാല് വർഷത്തിനിടെ 11.5% വാർഷിക വേതന വർധന ഉൾപ്പെടുന്നു. കൂടാതെ നിലവിലെ ജീവനക്കാർക്ക് ആനുകൂല്യ പെൻഷൻ്റെ പരിരക്ഷയും തൊഴിൽ സുരക്ഷയും ആരോഗ്യ ആനുകൂല്യങ്ങളും പുതിയ കരാറിൽ കാനഡ പോസ്റ്റ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഈ ഓഫർ യൂണിയൻ നിരസിച്ചു.