രാജ്യാന്തരതലത്തിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് യുഎഇ എയ്ഡ് ഏജൻസി സ്ഥാപിക്കാൻ ഉത്തരവിട്ട് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. രാജ്യാന്തര ഹ്യുമാനിറ്റേറിയൻ ആൻഡ് ചാരിറ്റബിൾ കൗൺസിലിൽ അഫിലിയേറ്റ് ചെയ്‌തതാണ് യുഎഇ എയ്ഡ് ഏജൻസി.സ്വതന്ത്രമായി പ്രവർത്തിക്കാനും അധികാരം നൽകിയിട്ടുള്ള ഏജൻസിക്ക് ആഗോളനയത്തിന് അനുസൃതമായി വിദേശസഹായ പരിപാടികൾ നടപ്പാക്കാനാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.
ദുരന്ത നിവാരണ, പുനരുദ്ധാരണ പദ്ധതികൾ, സംഘർഷാനന്തര സ്ഥിരത, വികസന പരിപാടികൾ, ശേഷി വികസിപ്പിക്കാനുള്ള പദ്ധതികൾ എന്നിവ സർക്കാരിന്റെ പിന്തുണയോടെ ആസൂത്രണം ചെയ്യുക, മേൽനോട്ടം വഹിക്കുക, നടപ്പാക്കുക, നിരീക്ഷിക്കുക എന്നതാണ് ഏജൻസിയുടെ പ്രധാന ഉത്തരവാദിത്തം.
യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ പകർന്നുനൽകിയ കാരുണ്യപാഠങ്ങളുടെ തുടർച്ചയായാണ് യുഎഇ എയ്ഡ് ഏജൻസിയെന്ന് വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് ബിൻ അൽ നഹ്യാൻ പറഞ്ഞു.
വിദ്യാഭ്യാസ സേവനങ്ങൾ, ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ, അടിസ്ഥാനസൗകര്യങ്ങൾ തുടങ്ങിയ സുപ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടൊപ്പം പ്രതിസന്ധികളും അസ്ഥിരതയും പരിഹരിക്കുന്നതിനു മറ്റു രാജ്യങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടെന്ന് പ്രസിഡൻഷ്യൽ കോർട്ട് ഫോർ ഡവലപ്മെന്റ് ആൻഡ് ഫോളൻ ഹീറോസ് അഫയേഴ്സ് ഡപ്യൂട്ടി ചെയർമാനും ഇന്റർനാഷനൽ ഹ്യുമാനിറ്റേറിയൻ ആൻഡ് ചാരിറ്റബിൾ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് തയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. യുഎഇ ഇതുവരെ 36,000 കോടി ദിർഹം വിദേശസഹായമായി സംഭാവന ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.