സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാനുമായി ഇസ്രയേൽ-ഹമാസ് സംഘർഷത്തെ കുറിച്ച് ചർച്ച ചെയ്ത് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ.ദ്വിരാഷ്ട്ര ചർച്ചകളിലൂടെ പലസ്തീൻ പ്രശ്നം പരിഹരിക്കുന്നതിനെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. തീവ്രവാദ പ്രവർത്തനങ്ങളെ ഇന്ത്യ അപലപിക്കുന്നുവെന്നും ജയശങ്കർ പറഞ്ഞു.പശ്ചിമേഷ്യയിൽ സ്ഥിരത കൈവരിക്കാൻ സൗദി അറേബ്യ ഒരു സുപ്രധാന രാജ്യമാണെന്ന് ജയശങ്കർ കൂട്ടിച്ചേർത്തു. പശ്ചിമേഷ്യയിലെ സ്ഥിതി വളരെ ആശങ്കാജനകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിരപരാധികളായ സാധാരണക്കാരുടെ തുടർച്ചയായ മരണത്തിൽ വളരെ വേദനിക്കുന്നു. രാജ്യാന്തര മാനുഷിക നിയമം കണക്കിലെടുത്ത് വേണം ഏതൊരു പ്രതികരണമെന്നും ജയശങ്കർ പറഞ്ഞു. അതേസമയം ഗാസ മുനമ്പിലെ യുദ്ധം തടയുന്നതിന് സംയുക്ത പ്രവർത്തനം ശക്തിപ്പെടുത്താനുളള തീരുമാനത്തെ സ്വാഗതം ചെയ്ത് സൗദി കാബിനറ്റ് തീരുമാനമെടുത്തു.