മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ബറോസി’ൻ്റെ ട്രെയ്‌ലർ തിയേറ്ററുകളിലെത്തി. ‘കങ്കുവ’ സിനിമയുടെ ഇടവേളയ്ക്കിടെയാണ് ‘ബറോസി’ൻ്റെ ത്രിഡി ട്രെയ്‌ലർ പ്രദർശിപ്പിച്ചത്. മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രെയ്‌ലറിൽ ചിത്രത്തിൻ്റെ റിലീസ് തിയതിയും വെളിപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 25ന് ക്രിസ്തുമസ് റിലീസ് ആയി ആണ് ‘ബറോസ്’ തിയേറ്ററുകളിലെത്തുക.
https://twitter.com/AbinBabu2255/status/1856915111807483929
മോഹന്‍ലാലിന്‍റെ ആദ്യ സംവിധാന സംരംഭമാണ് ചിത്രം. പൂര്‍ണമായും ഒരു ഫാന്‍റസി ഡ്രാമ വിഭാഗത്തില്‍ വരുന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നതും മോഹന്‍ലാല്‍ തന്നെയാണ്. ആന്‍റണി പെരുമ്പാവൂരാണ് ചിത്രത്തിന്‍റെ നിർമാണം. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോ പുന്നൂസിന്‍റെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കുന്നത്.

ബറോസും ത്രീഡിയില്‍ തന്നെയാണ് തിയേറ്ററുകളില്‍ എത്തുക. ഗുരു സോമസുന്ദരം, മോഹന്‍ ശര്‍മ, തുഹിന്‍ മേനോന്‍ എന്നിവര്‍ക്കൊപ്പം വിദേശ താരങ്ങളായ മായാ, സീസര്‍, ലോറന്‍റെ തുടങ്ങിയവരും ബറോസില്‍ അഭിനയിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബറോസ് റിലീസിനൊരുങ്ങുന്നത്. മാര്‍ക്ക് കിലിയനാണ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത്. പ്രശസ്ത കലാസംവിധായകനായ സന്തോഷ് രാമനാണ് സെറ്റുകള്‍ ഡിസൈന്‍ ചെയ്യുന്നത്.
2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ബറോസിന്‍റെ ഒഫീഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. കോവിഡ് അടക്കം പലകാരണങ്ങള്‍ കൊണ്ടും ബറോസിന്‍റെ ചിത്രീകരണം നീണ്ടുപോകുകയായിരുന്നു. 3ഡി വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.