ആശ്രിത നിയമനത്തിലൂടെ ഒരാൾക്ക് നൽകുന്ന സർക്കാർ ജോലി അവകാശമാണെന്ന് പറയാൻ പറ്റില്ലെന്ന് സുപ്രീംകോടതി പറഞ്ഞു . ഹരിയാനയിലെ ഒരു കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. 1997-ൽ മരിച്ച ഹരിയാനയിലെ ഒരു പൊലീസ് കോൺസ്റ്റബിളിൻ്റെ മകൻ ജോലിയിലിരിക്കെ അച്ഛൻ മരിച്ചപ്പോൾ ലഭിക്കേണ്ടിയിരുന്ന ജോലി തേടി 11 വർഷത്തിനു ശേഷം സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ സർക്കാർ അത് അനുവദിച്ചില്ല. തുടർന്ന് മകൻ കോടതിയിലെത്തിയപ്പോഴാണ് സുപ്രീം കോടതി ഈ നിലപാട് സ്വീകരിച്ചത്. ജസ്റ്റിസുമാരായ അഭയ് എസ്. ഓക, അഹ്സനുദ്ദീൻ അമാനുള്ള, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരുടെ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്.
പിതാവ് മരണപ്പെടുമ്പോൾ മകൻ ഏഴു വയസ്സുകാരനായിരുന്നു. അതിനാൽ പ്രായപൂർത്തിയായപ്പോൾ ജോലിയ്ക്ക് ശ്രമിച്ചതാണെന്ന് മകൻ്റെ ഭാഗം വാദിച്ച അഭിഭാഷകൻ പറഞ്ഞെങ്കിലും കോടതി ഇതിലെ യുക്തി അംഗീകരിച്ചില്ല. സർക്കാർ സേവനത്തിലിരിക്കുന്ന ഒരാൾ മരിക്കുമ്പോൾ അടിയന്തരമായി കുടുംബത്തിന് ലഭ്യമാക്കുന്ന സഹായമെന്ന നിലയിലാണ് ആശ്രിതനിയമനം നൽകുന്നതെന്നും വർഷങ്ങൾക്കുശേഷം അതിൽ അവകാശമുന്നയിക്കാനാകില്ലെന്നും കോടതി പറഞ്ഞു. തുടർന്ന് ഹർജി തള്ളുകയും ചെയ്തു.