ഹാലിഫാക്സ് : മുനിസിപ്പാലിറ്റിയിലെ മിക്ക തടാകങ്ങളിലും ഉയർന്ന അളവിൽ ക്ലോറൈഡിന്റെ അംശം കണ്ടെത്തി. നവംബർ 12-ന് സിറ്റി കൗൺസിലിൽ ചർച്ച ചെയ്ത 2022-23 ലെക്ക് വാച്ചേഴ്‌സ് റിപ്പോർട്ടിൽ, ഹാലിഫാക്സിലെ 73 തടാകങ്ങളിൽ 17 എണ്ണത്തിലും ക്ലോറൈഡിൻ്റെ (ഉപ്പ്) അളവ് കനേഡിയൻ വാട്ടർ ക്വാളിറ്റി ഗൈഡ്‌ലൈനുകൾ നിശ്ചയിച്ചിട്ടുള്ള അളവിലും അധികമാണെന്ന് ഗവേഷകർ കണ്ടെത്തി.
തടാകങ്ങളിലെ ജലത്തിൻ്റെ സാമ്പിളുകൾ പരിശോധിച്ചപ്പോൾ ഒരു ലിറ്റർ വെള്ളത്തിൽ 120 മില്ലിഗ്രാമിൽ കൂടുതൽ ക്ലോറൈഡ് ഉള്ളതായി കണ്ടെത്തി. ലോവെറ്റ്‌സ്, ബാനൂക്ക്, മൈക്മാക് തടാകങ്ങളിലെ വെള്ളത്തിൽ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ. ശീതകാല ഡീ-ഐസിംഗ്, ആൻ്റി-ഐസിംഗ് പ്രവർത്തനങ്ങളാണ് ഇതിനു കാരണം.
തടാകങ്ങളിൽ ക്ലോറൈഡിൻ്റെ അളവ് ഉയരുന്നത് മത്സ്യം, സസ്യങ്ങൾ, പ്ലവകങ്ങൾ തുടങ്ങിയ ശുദ്ധജല ജീവികളെ ബാധിക്കും. സാധാരണഗതിയിൽ, നോവസ്കോഷയിലെ ശുദ്ധജല തടാകങ്ങളിൽ ക്ലോറൈഡിൻ്റെ അളവ് 10 mg/L-ൽ താഴെയാണ്, അതേസമയം തീരദേശ തടാകങ്ങളിൽ 20-40 mg/L വരെയാണ് ക്ലോറൈഡിൻ്റെ അളവെന്നും എച്ച്ആർഎം കൗൺസിൽ അറിയിച്ചു. ലെക്ക് വാച്ചേഴ്‌സ് റിപ്പോർട്ടിന് മറുപടിയായി മുനിസിപ്പാലിറ്റിയുടെ ഉപ്പുവെള്ള പരിപാലന പദ്ധതി പരിശോധിക്കാൻ ഹാലിഫാക്സ് റീജനൽ കൗൺസിൽ ഉത്തരവിട്ടു.