കുവൈത്തിൽ റസിഡന്‍സ് വീസ നിയമങ്ങള്‍ ലംഘിക്കുന്ന പ്രവാസികള്‍ക്കെതിരേ കര്‍ശന നടപടികളുമായി പുതിയ നിയമം വരുന്നു. നിയമത്തിന്റെ കരടിന് കുവൈറ്റ് മന്ത്രിസഭ അംഗീകാരം നല്കി.കുവൈറ്റിലെ റസിഡന്‍ഷ്യല്‍ ഏരിയകളിൽ വ്യാപാരം നിരോധിക്കുക, വിദേശികളെ നിയന്ത്രിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കരട് ഉത്തരവിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്. കരട് നിയമത്തില്‍ 36 ആര്‍ട്ടിക്കിളുകള്‍ അടങ്ങിയിരിക്കുന്നതായി അധികൃതര്‍ അറിയിച്ചു.
പ്രവാസിയുടെ റിക്രൂട്ട്മെന്റുമായും ബന്ധപ്പെട്ട് നടക്കുന്ന ചൂഷണങ്ങള്‍, വീസ കച്ചവടം, വീസ പുതുക്കുന്നതിന്റെ പേരില്‍ പണം ഈടാക്കല്‍ തുടങ്ങിയവ കര്‍ശനമായി തടയുന്നതാണ് പുതിയ കരട് നിയമം. പ്രവാസിയുടെ റസിഡന്‍സ് വീസ, താല്‍ക്കാലിക വീസ, വിസിറ്റ് വീസ എന്നിവയുടെ കാലാവധി തീരുകയും വീസ പുതുക്കാതെ പ്രവാസി രാജ്യത്ത് തന്നെ തുടരുകയും ചെയ്യുന്ന പക്ഷം അക്കാര്യം പ്രവാസികളുടെ സ്പോണ്‍സര്‍മാര്‍ ആഭ്യന്തര മന്ത്രാലയത്തിലെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്ന വ്യവസ്ഥയാണ് കരട് നിയമത്തിലെ മറ്റൊരു പ്രധാന കാര്യം.
അതേസമയം നാഷണല്‍ ഗാര്‍ഡിന്റെ മേധാവിയായി ശെയ്ഖ് മുബാറക് ഹമൂദ് അല്‍ ജാബര്‍ അല്‍ സബാഹിനെ നിയമിക്കുന്നതിനുള്ള കരട് ഉത്തരവിനും മന്ത്രിസഭ അംഗീകാരം നല്കി.