ഹാലിഫാക്സ് : പ്രവിശ്യ തിരഞ്ഞെടുപ്പ് അടുത്തതോടെ വൻ വാഗ്ദാനങ്ങളുമായി രാഷ്ട്രീയ പാർട്ടികൾ പ്രചാരണം കൊഴുപ്പിക്കുന്നു. നവംബർ 26-ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഭരണത്തിലെത്തിയാൽ പ്രവിശ്യയിലുടനീളമുള്ള സെൽഫോൺ സർവീസ് മെച്ചപ്പെടുത്തുമെന്നും പ്രധാന ഹൈവേകൾ നവീകരിക്കുമെന്നും നോവസ്കോഷ ലിബറൽ പാർട്ടി വാഗ്ദാനം ചെയ്യുന്നു. അതേസമയം, മൂന്ന് പ്രധാന രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളായ ടിം ഹ്യൂസ്റ്റൺ, ക്ലോഡിയ ചെൻഡർ, സാക്ക് ചർച്ചിൽ എന്നിവർ ഇന്ന് വൈകിട്ട് ആറ് മണിക്ക് 90 മിനിറ്റ് ദൈർഘ്യമുള്ള ടെലിവിഷൻ സംവാദത്തിന് ഒരുങ്ങുകയാണ്.
പ്രവിശ്യയിൽ പുതുതായി 87 പുതിയ സെൽഫോൺ ടവറുകൾ നിർമ്മിക്കുന്നതിന് ആറ് കോടി ഡോളർ ചെലവഴിക്കുമെന്ന് പാർട്ടി ലീഡർ സാക്ക് ചർച്ചിൽ പ്രഖ്യാപിച്ചു. മുൻ പ്രോഗ്രസീവ് കൺസർവേറ്റീവ് സർക്കാർ കഴിഞ്ഞ വർഷം സമാനമായ പദ്ധതികൾക്കായി പ്രഖ്യാപിച്ച ആറ് കോടി അറുപത് ലക്ഷം ഡോളറിന് പുറമേയാണിത്. കൂടാതെ, ഹൈവേ 104-ൽ എക്സിറ്റുകൾ ചേർത്ത്, ഹൈവേ 101-ൽ ഡിഗ്ബിക്ക് സമീപം ബൈപാസ് നിർമ്മിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഹൈവേ നവീകരണത്തിനായി പ്രവിശ്യ നീക്കിവെച്ചിരിക്കുന്ന 50 കോടി ഡോളർ മൂലധന ബജറ്റിലേക്ക് 4 കോടി ഡോളർ അധികമായി അനുവദിക്കുമെന്നും സാക്ക് ചർച്ചിൽ പറഞ്ഞു.