അടുത്ത വർഷം യുഎഇയിൽ എല്ലാ ബിസിനസ്, വ്യവസായ മേഖലകളിലും ശമ്പളം 4 % വര്‍ധിക്കുമെന്ന് റിപ്പോർട്ട്.അതോടൊപ്പം രാജ്യത്തെ നാലിലൊന്ന് സ്ഥാപനങ്ങളും അടുത്ത വര്‍ഷം കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ പദ്ധതിയിടുന്നതായും സര്‍വേ ഫലം വ്യക്തമാക്കുന്നു.ഊര്‍ജം, സാമ്പത്തിക സേവനങ്ങള്‍, എൻജിനീയറിങ്, നിർമ്മാണം, റിയല്‍ എസ്റ്റേറ്റ്, റീട്ടെയില്‍, മൊത്തവ്യാപാരം, സേവനങ്ങള്‍, ലൈഫ് സയന്‍സസ്, ടെക്നോളജി എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ പഠനം നടത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
ഉപഭോക്തൃ ഉൽപന്ന വ്യവസായത്തിലെ കമ്പനികള്‍ ഏറ്റവും ഉയര്‍ന്ന ശമ്പള വര്‍ധനവാണ് അടുത്ത വര്‍ഷത്തേക്ക് പ്രവചിക്കുന്നത്, 4.5 ശതമാനം. ലൈഫ് സയന്‍സസ് ആന്‍ഡ് ടെക്നോളജി വ്യവസായങ്ങള്‍ യഥാക്രമം 4.2 ശതമാനവും 4.1 ശതമാനവും വര്‍ധനവ് പ്രതീക്ഷിക്കുന്നു. അതേസമയം, ഊര്‍ജ്ജ, സാമ്പത്തിക സേവന മേഖലകളില്‍ 4 ശതമാനം ശമ്പള വര്‍ധനവാണ് കണക്കാക്കുന്നത്.
യുഎഇയിലെ ഒരു വലിയ വിഭാഗം തൊഴിലുടമകള്‍ 2025 ല്‍ അടിസ്ഥാന ശമ്പളം വര്‍ധിപ്പിക്കാന്‍ പദ്ധതിയിടുന്നുവെന്ന് കാണുന്നത് വളരെ പ്രോത്സാഹജനകമാണെന്ന് മെര്‍സറിന്റെ യുഎഇ കരിയര്‍ പ്രൊഡക്ട്സ് ലീഡര്‍ ആന്‍ഡ്രൂ എല്‍ സെയിന്‍ പറഞ്ഞു. ശമ്പളം വര്‍ധിപ്പിക്കുന്നതിനൊപ്പം, എച്ച്ആര്‍ പ്രൊഫഷണലുകള്‍ തങ്ങളുടെ ഭവന അലവന്‍സുകളും അവലോകനം ചെയ്യണം. രാജ്യത്ത് ഭവന ചെലവ് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഇത് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.