ഇന്ത്യയുമായി പ്രാദേശികവും അന്തർദേശീയവുമായ പങ്കാളിത്തം അനിവാര്യമാണെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും സാമൂഹികവും സാമ്പത്തികവുമായ വികസനവുമായി ബന്ധപ്പെട്ട തുടർ ചർച്ചയ്ക്ക് ഊന്നൽ നൽകുമെന്നും മന്ത്രി പറഞ്ഞു. ന്യൂ ഡൽഹിയിൽ സൗദി-ഇന്ത്യൻ സ്ട്രാറ്റജിക് പാർട്ണർഷിപ് കൗൺസിൽ കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗദിയും ഇന്ത്യയും തമ്മിൽ പങ്കിടുന്ന ചരിത്രം ദീർഘകാല വ്യാപാരത്തിന്റെ സവിശേഷതയാണ്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിന് അടിത്തറയിട്ടു. വിവിധ മേഖലകളെക്കുറിച്ച് പഠിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നതായും പൊതു താൽപര്യങ്ങൾ വർധിപ്പിക്കുന്നത് സൗദിക്കും ഇന്ത്യക്കും ഗുണം ചെയ്യുമെന്നും വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.
കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഇന്ത്യൻ പ്രധാനമന്ത്രിയും ചേർന്ന് പ്രഖ്യാപിച്ച ഇരുരാജ്യങ്ങളും തമ്മിലുള്ള സ്ട്രാറ്റജിക് പാർട്ണർഷിപ് കൗൺസിൽ എല്ലാ മേഖലകളിലെയും സഹകരണത്തിന് പുതിയ അടിത്തറ പാകിയിരുന്നു. പൊതുവായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ കൗൺസിലിന്റെ കഴിവുകളും കാര്യക്ഷമതയും വർധിപ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ഔദ്യോഗിക സന്ദർശന വേളയിൽ വിദേശകാര്യമന്ത്രി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറുമായി ചർച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധങ്ങളും ഉഭയകക്ഷി സഹകരണവും യോഗത്തിൽ ചർച്ച ചെയ്തു. പ്രാദേശികവും അന്തർദേശീയവുമായ പൊതു താൽപര്യ വിഷയങ്ങളും അവലോകനം ചെയ്തിരുന്നു.