ഹാലിഫാക്സ് : നോവ സ്കോഷയിൽ സമീപകാലത്തുണ്ടായ ഗാർഹിക പീഡന കൊലപാതകങ്ങളിൽ പങ്കാളി ആക്രമണത്തിന്റെ വർധന എടുത്ത് കാണിക്കുന്നു. ഒക്ടോബർ 18-ന് ശേഷം സംഭവിച്ച ആത്മഹത്യയും മൂന്ന് കൊലപാതകങ്ങളും പ്രവിശ്യയിലെ ജനങ്ങളെ ആകെ ഞെട്ടിച്ചു. എന്നാൽ, റിപ്പോർട്ട് ചെയ്യുന്നതിനേക്കാൾ കൂടുതലായി ലിംഗാധിഷ്ഠിത ആക്രമണങ്ങൾ സംഭവിക്കുന്നതായി അഭിഭാഷകർ പറയുന്നു.
ഭയം, സമമല്ലാത്ത പവർ ഡൈനാമിക്‌സ്, കമ്മ്യൂണിറ്റി-പൊലീസ് ബന്ധത്തിലെ വിള്ളൽ എന്നിവയാണ് ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യാതിരിക്കാനുള്ള കാരണങ്ങളായി കണക്കാക്കുന്നതെന്ന് ഹാലിഫാക്സിലെ YWCA എക്‌സിക്യൂട്ടീവ് ഡയറക്‌ടർ Miia Suokonautio പറയുന്നു. കാനഡയിൽ നോവ സ്കോഷയാണ് പങ്കാളി ആക്രമണത്തിൽ മുന്നിൽ നിൽക്കുന്നത്. പ്രവിശ്യയിലെ 30 ശതമാനം സ്ത്രീകളും, 25 ശതമാനം പുരുഷന്മാരും ശാരീരികമോ ലൈംഗികമോ ആയ ആക്രമണം നേരിടുന്നുണ്ട്. ശക്തമായ പൊലീസ് നടപടികളും പിന്തുണാ സേവനങ്ങളും ഉൾപ്പെടെ ഇരകളെ സംരക്ഷിക്കാൻ കൂടുതൽ നടപടി വേണമെന്ന് അഭിഭാഷകർ ആവശ്യപ്പെടുന്നു.