മൺട്രിയോൾ : കാനഡയിലെ മറ്റു പ്രവിശ്യകളെ അപേക്ഷിച്ച് അടുത്ത വർഷം കെബെക്കിൽ വാടക നിരക്ക് കൂടുമെന്ന് സാമ്പത്തിക വിദഗ്ധർ. നിലവിലെ വാടകക്കാർ താമസം മാറുമ്പോൾ വാടക ഉയർത്താൻ ഭൂവുടമകളെ അനുവദിക്കുന്ന കെബെക്കിൻ്റെ ഫലപ്രദമല്ലാത്ത വാടക നിയന്ത്രണമാണ് ഇതിന് കാരണമെന്നും FRAPRU ഹൗസിംഗ് അഡ്വക്കസി ഗ്രൂപ്പിൻ്റെ കോർഡിനേറ്റർ കാതറിൻ ലൂസിയർ പറയുന്നു.
കെബെക്ക് ഹൗസിങ് ട്രിബ്യൂണലിൻ്റെ (TAL) 2024-ലെ പ്രവചനത്തിൻ്റെ അടിസ്ഥാനത്തിൽ, അടുത്ത വർഷം നാല് ശതമാനം വാടക വർധന പ്രവിശ്യയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. TAL 2023-ൽ 1.8 ശതമാനം വാടക വർധന ശുപാർശ ചെയ്തിരുന്നു. തുടർന്ന് 2024 ൽ 4 ശതമാനമായി കുത്തനെ വർധനയും ശുപാർശ ചെയ്തിട്ടുണ്ട്. 2025 ലെ TAL ശുപാർശകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഇത് 2024 മൂന്നാം പാദത്തിൽ നിന്നും 8.3 ശതമാനം ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.