ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും ക്ലാസിക് സിനിമയായ സത്യജിത്ത് റേ-യുടെ ബംഗാളി ചിത്രം ‘പാഥേര്‍ പാഞ്ചലിയിലെ ദുര്‍ഗ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ ബംഗാളി നടി ഉമാ ദാസ് ഗുപ്ത അന്തരിച്ചു. ഏതാനും വര്‍ഷങ്ങളായി അര്‍ബുദ ബാധിതയായിരുന്നു. തിങ്കളാഴ്ച (നവംബര്‍ 18) കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആനന്ദ് ബസാര്‍ പത്രികയിലൂടെ നടിയുടെ ബന്ധുവും നടനും രാഷ്ട്രീയ നേതാവുമായ ചിരഞ്ജീത് ചക്രവര്‍ത്തിയാണ് മരണവാര്‍ത്ത അറിയിച്ചത്.
ഉമ പഠിച്ചിരുന്ന സ്‌കൂളിലെ പ്രധാന അധ്യാപകന്‍ സത്യജിത്ത് റായിയുടെ അടുത്ത സുഹൃത്ത് ആയിരുന്നു. ഈ സൗഹൃദമാണ് ദുര്‍ഗ എന്ന കഥാപാത്രത്തിനായി റായ് ഉമയെ തിരഞ്ഞെടുത്തത്. എന്നാല്‍ മകള്‍ സിനിമയില്‍ അഭിനയിക്കുന്നതിനോട് പിതാവിന് താത്പര്യം ഉണ്ടായിരുന്നില്ല. പിന്നീട് അദ്ദേഹം മകളുടെ താത്പര്യത്തിന് വഴങ്ങി. പക്ഷേ ‘പാഥേര്‍ പാഞ്ചലി’ക്ക് ശേഷം വളരെ കുറച്ച് ചിത്രങ്ങളിലേ ഉമ പിന്നീട് അഭിനയിച്ചിട്ടുള്ളു. എങ്കില്‍ പോലും ഒരിക്കല്‍ കണ്ടാല്‍ മനസിനെ വല്ലാതെ അസ്വസ്ഥതപ്പെടുത്തുന്നതാണ് പാഥേര്‍ പാഞ്ചലി എന്ന സിനിമയും അതിലെ ദുര്‍ഗ എന്ന കഥാപാത്രവും. ബിഭൂതിഭൂഷണ്‍ ബന്ദോപാധ്യായയുടെ നോവലിനെ ആസ്പദമാക്കിയുള്ള ചിത്രമാണ് 1955-ല്‍ പുറത്തു വന്ന ‘പാഥേര്‍ പാഞ്ചലി’. ഇന്ത്യന്‍ സിനിമയില്‍ ഒരു വഴിത്തിരിവ് രേഖപ്പെടുത്തിയ ചിത്രമാണിത്. ലക്ഷണക്കിന് ആളുകളുടെ ഹൃദയത്തില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്നതാണ് ദുര്‍ഗ എന്ന കുട്ടിയുടെ രൂപഭാവങ്ങള്‍. ദുര്‍ഗയെ വെള്ളിത്തിരയില്‍ അവിസ്മരണീയയാ ക്കിയ നടിയാണ് ഇപ്പോള്‍ ഓര്‍മ്മയാകുന്നത്.