ഹാലിഫാക്സ് : ഇന്ത്യൻ വംശജയായ വാൾമാർട്ട് ജീവനക്കാരിയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് ഹാലിഫാക്സ് പൊലീസ്. ഒക്ടോബർ 19-ന് രാത്രി ഒമ്പതരയോടെ 6990 മംഫോർഡ് റോഡിലുള്ള വാൾമാർട്ട് സ്റ്റോറിൽ ജോലി ചെയ്തിരുന്ന 19 വയസ്സുള്ള ഗുർസിമ്രാൻ കൗറിനെയാണ് സ്റ്റോറിലെ ബേക്കറി ഡിപ്പാർട്ട്മെൻ്റിലെ വലിയ വാക്ക്-ഇൻ ഓവന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.
എന്നാൽ, കൗറിന്റെ മരണത്തിൽ ദുരൂഹതയില്ലെന്നും കൊലപാതകമെന്ന് സംശയിക്കാൻ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഹാലിഫാക്സ് പൊലീസ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ മാർട്ടിൻ ക്രോംവെൽ വാർത്താക്കുറിപ്പിൽ പറഞ്ഞു. എന്നാൽ, യുവതി എങ്ങനെയാണ് മരിച്ചതെന്നോ എങ്ങനെയാണ് ഓവന് സമീപം എത്തിയതെന്നോ പൊലീസ് കൃത്യമായി പറയുന്നില്ല. മാരിടൈം സിഖ് സൊസൈറ്റിയാണ് കൊല്ലപ്പെട്ട പെൺകുട്ടിയെ ഗുർസിമ്രാൻ കൗർ എന്ന് തിരിച്ചറിഞ്ഞത്. കൗറിനൊപ്പം വാൾമാർട്ടിൽ ജോലി ചെയ്തിരുന്ന അമ്മയാണ് അവരെ മരിച്ചനിലയിൽ കണ്ടെത്തിയതെന്ന് മാരിടൈം സിഖ് സൊസൈറ്റി അറിയിച്ചു. സംഭവത്തെത്തുടർന്ന് സ്റ്റോർ അടച്ചിട്ടിരിക്കുകയാണ്. സ്റ്റോർ എപ്പോൾ തുറക്കുമെന്ന് വ്യക്തമല്ല.