മുഖ്യമന്ത്രി പിണറായി വിജയൻ സംഘി ആണെന്ന് രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. പാണക്കാട് തങ്ങളുടെ മെക്കിട്ട് കയറിയാൽ കൈ കെട്ടി നോക്കിനിൽക്കില്ലെന്നും കഴിഞ്ഞ ദിവസം പാലക്കാട് തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ നടന്ന പ്രസംഗത്തിൽ ഷാജി തുറന്നടിച്ചു. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരേയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെയാണ് കെ എം ഷാജി രംഗത്തെത്തിയത്. ചൊറി വന്നവനൊക്കെ മാന്താന്‍ വേണ്ടി പാണക്കാട്ടേക്ക് വരുന്നൊരു പ്രവണതയുണ്ട്. ഞങ്ങളൊക്കെ വെറുതെ കുത്തിയിരിക്കുകയാണെന്ന ഒരു വിചാരവും ഒരുത്തനും വേണ്ടെന്നും ഇത് മുഖ്യമന്ത്രിയോട് മാത്രമല്ല പറയുന്നതെന്നും ഷാജി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സന്ദീപ് വാര്യര്‍ പാണക്കാടെത്തി സാദിഖലി ശിഹാബ് തങ്ങളെ സന്ദർശിച്ചതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. സന്ദര്‍ശനത്തില്‍ മുസ്ലീം ലീഗിനെ കടന്നാക്രമിക്കുകയായിരുന്നു അദ്ദേഹം. സാദിഖലി തങ്ങള്‍ ജമാഅത്തെ ഇസ്ലാമി അനുയായിയെ പോലെ പെരുമാറുന്നുവെന്നും ഇതുവരെ ചെയ്ത കാര്യങ്ങളെല്ലാം മറന്ന് സന്ദീപ് വാര്യരെ മഹാത്മാവായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.