കാലാവസ്ഥ മാറ്റത്തെ തുടർന്ന് യുഎഇയിൽ പകർച്ചപ്പനി (ഇൻഫ്ലുവൻസ) ബാധിതരുടെ എണ്ണം കൂടിയാതായി റിപ്പോർട്ട്. പനി, ജലദോഷം, ചുമ, തുമ്മൽ, മൂക്കൊലിപ്പ്, ചെവിവേദന തുടങ്ങിയ രോഗലക്ഷണങ്ങളുമായി ഒട്ടേറെപ്പേരാണ് സർക്കാർ, സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ദിവസേന എത്തുന്നത്. കുട്ടികളിലും പ്രായമായവരിലുമാണ് രോഗബാധ കൂടുതലായി കണ്ടുവരുന്നത്. അതിനാൽ, പകർച്ചപ്പനിക്കെതിരെ ഏവരും വാക്സീൻ എടുക്കണമെന്നും ആരോഗ്യവിദഗ്ധർ നിർദേശിച്ചു.
ശൈത്യകാലത്ത് പൊതുവേ കണ്ടുവരുന്ന രോഗമാണ് ഇൻഫ്ലുവൻസ. ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന പനി, ജലദോഷം, തുമ്മൽ, തലവേദന, തലകറക്കം, വിശപ്പില്ലായ്മ, കഫക്കെട്ട്, വയറുവേദന, ഛർദി, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചികിത്സിച്ചു മാറ്റാവുന്നതാണ് പകർച്ചപ്പനി. കുട്ടികൾക്കു രോഗം പിടിപെട്ടാൽ 48 മണിക്കൂറിനകം ഡോക്ടറെ കാണിക്കണം. ആസ്മ ഉൾപ്പെടെയുള്ള ശ്വാസകോശ രോഗങ്ങൾ ഉള്ളവരും ഡോക്ടറുടെ സഹായം തേടണം.
പകർച്ചപ്പനിയുള്ള കുട്ടികളെ സ്കൂളുകളിലും നഴ്സറിയിലും വിടരുതെന്നും കുട്ടികളുടെ ആരോഗ്യത്തിനു മുൻഗണന നൽകാൻ രക്ഷിതാക്കളും സ്കൂൾ അധികൃതരും ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. അടച്ചിട്ട ക്ലാസ്മുറികളിൽ രോഗം പെട്ടെന്നു പകരാനിടയുണ്ടെന്നതിനാലാണ് നിയന്ത്രണം. ഇതുസംബന്ധിച്ച ബോധവൽക്കരണവും ആരോഗ്യമന്ത്രാലയം നടത്തുന്നുണ്ട്.