വിവാദങ്ങള്‍ക്കും ട്വിസ്റ്റുകള്‍ക്കും ഒടുവില്‍ പാലക്കാട് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. മൂന്നു മുന്നണികളും വിജയ പ്രതീക്ഷയിലാണ്. കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇങ്ങനെയൊരു തിരഞ്ഞെടുപ്പ് കാലം ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം.സംഭവ ബഹുലവും നാടകീയതയും നിറഞ്ഞ 27 ദിവസം നീണ്ട പ്രചാരണമാണ് പാലക്കാട്ട് അരങ്ങേറിയത്.
രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ കെപിസിസി ഡിജിറ്റല്‍ വിഭാഗം തലവന്‍ ഡോ. പി. സരിന് പരസ്യമായി രംഗത്ത് വന്നതോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് മാധ്യമങ്ങളില്‍ ഇടം പിടിക്കുന്നത്.
പ്രതിപക്ഷ നേതാവിനും ഷാഫി പറമ്പിലിനും എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഡോക്ടര്‍ പി സരിന് എല്‍ഡിഎഫിലേക്ക് കൂറുമാറി,പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി. പി. സരിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് പി കെ ഷാനിബും കോണ്‍ഗ്രസില്‍ നിന്ന് പുറത്തുവന്നു. കെ മുരളീധരനെ സ്ഥാനാര്‍ത്ഥി ആക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഡിസിസിയുടെ കത്ത് പുറത്തായത് വന്‍ വിവാദമായി. പാലക്കാട് സീറ്റിനുവേണ്ടി ശോഭാ സുരേന്ദ്രനും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പിടിവലി നടത്തിയത് ബിജെപിയിലും വിവാദമായി.
ഏരിയാ കമ്മിറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ ജില്ലാ സെക്രട്ടറിയെ വിമര്‍ശിച്ച് മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത് സിപിഐഎമ്മിനെവിവാദത്തിലാക്കി. എന്നാല്‍ കൃത്യമായ ഇടപെടല്‍ നടത്തി അനുനയിപ്പിച്ച് ഷുക്കൂറിനെ തിരിച്ചെത്തിച്ചു.തൊട്ടുപിന്നാലെ എന്‍ എന്‍ കൃഷ്ണദാസ് മാധ്യമങ്ങള്‍ക്കെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശം സിപിഐഎമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കി. തിരഞ്ഞെടുപ്പ് കണ്വെന്ഷന് വേദിയില്‍ അപമാനിക്കപ്പെട്ടു എന്ന് ആരോപിച്ച് സന്ദീപ് വാര്യര്‍ ബിജെപിയെയും വിവാദങ്ങളിലെത്തിച്ചു. പാര്‍ട്ടിയോട് കലഹിച്ച് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ എത്തിയതാണ് ഉപതിരഞ്ഞെടുപ്പിലെ അവസാന ട്വിസ്റ്റ്