മൺട്രിയോൾ : മുൻകരുതൽ നടപടിയുടെ ഭാഗമായി കാനഡയിൽ നിന്ന് ഇന്ത്യയിലേക്ക് എയർ കാനഡയിൽ (എസി) പറക്കുന്ന യാത്രക്കാർക്ക് കൂടുതൽ സുരക്ഷാ നടപടികൾ സ്വീകരിച്ച് ട്രാൻസ്‌പോർട്ട് കാനഡ. ഇന്ത്യൻ യാത്രക്കാർക്ക് എയർപോർട്ടുകളിൽ താൽക്കാലിക അധിക സുരക്ഷാ സ്ക്രീനിങ് നടപടികൾ ആരംഭിച്ചതായി കാനഡ ഗതാഗത മന്ത്രി അനിത ആനന്ദ് അറിയിച്ചു. സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്എഫ്‌ജെ) നേതാവ് ഗുർപത്വന്ത് സിങ് പന്നൂൻ എയർ ഇന്ത്യയുടെ (എഐ) ഒന്നിലധികം രാജ്യാന്തര വിമാനങ്ങൾക്കെതിരെ ഭീഷണി പുറപ്പെടുവിച്ചതിനെ തുടർന്നാണ് നടപടി. ന്യൂ ഡൽഹി-ടൊറൻ്റോ (AI 187, AI 189), ന്യൂഡൽഹി-വൻകൂവർ (AI 185), ന്യൂഡൽഹി-ലണ്ടൻ (AI 111, AI 161), ന്യൂഡൽഹി-ഫ്രാങ്ക്ഫർട്ട് (AI എന്നിവയുൾപ്പെടെയുള്ള വിമാനങ്ങൾ തകർക്കുമെന്ന് ഗുർപത്വന്ത് സിങ് പന്നൂൻ ഭീഷണി മുഴക്കിയിരുന്നു. കൂടാതെ ന്യൂഡൽഹി-സിഡ്‌നി (AI 302), ന്യൂഡൽഹി-മെൽബൺ (AI 308), മുംബൈ-ലണ്ടൻ ഫ്ലൈറ്റുകളും (AI 129, AI 131) ഇതിൽ ഉൾപ്പെടുന്നു.
മറ്റ് വിമാനക്കമ്പനികൾക്കൊപ്പം എയർ കാനഡയും ഇന്ത്യയിലേക്കുള്ള വിമാനങ്ങൾക്കായി ട്രാൻസ്‌പോർട്ട് കാനഡയുടെ പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് എയർ കാനഡയുടെ വക്താവ് സ്ഥിരീകരിച്ചു. കൂടാതെ ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് അയച്ച അറിയിപ്പുകളിൽ, തടസ്സങ്ങൾ ഒഴിവാക്കാൻ യാത്രക്കാർക്ക് പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്തണമെന്നും എയർ കാനഡ നിർദ്ദേശിച്ചു.