ടൊറൻ്റോ : രാജ്യത്തുടനീളവും ഒൻ്റാരിയോയിലും വാഹനമോഷണ പ്രതിസന്ധി രൂക്ഷമായി തുടരുന്നതായി റിപ്പോർട്ട്. 2021-2023 കാലയളവിൽ, വാഹനമോഷണം ഒൻ്റാരിയോയിൽ 48.2 ശതമാനവും കെബെക്കിൽ 57.9 ശതമാനവും അറ്റ്ലാൻ്റിക് കാനഡയിൽ 34 ശതമാനവും ആൽബർട്ടയിൽ 5.5 ശതമാനവും വർധിച്ചു. ഇതിനിടെ കഴിഞ്ഞ വർഷം ഒൻ്റാരിയോയിൽ ഏറ്റവും കൂടുതൽ മോഷ്ടിക്കപ്പെട്ട വാഹനങ്ങളുടെ പട്ടികയിൽ ലെക്സസ് RX ഒന്നാമതെത്തി.
പ്രവിശ്യയിൽ ഏറ്റവും കൂടുതൽ മോഷ്ടിക്കപ്പെട്ട വാഹനം 2022 മോഡൽ ലെക്സസ് ആർഎക്സ് ആണെന്ന് Équité അസോസിയേഷൻ, പുറത്തിറക്കിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. കാനഡയിലുടനീളം ഏറ്റവും കൂടുതൽ മോഷ്ടിക്കപ്പെട്ട വാഹനമായ 2022 മോഡൽ ടൊയോട്ട ഹൈലാൻഡർ ഒൻ്റാരിയോയിൽ ഏറ്റവും കൂടുതൽ മോഷ്ടിക്കപ്പെട്ട രണ്ടാമത്തെ വാഹനമായി. 2022 ഡോഡ്ജ് റാം 1,500 സീരീസ് ഒൻ്റാരിയോയുടെ പട്ടികയിൽ മൂന്നാം സ്ഥാനം നേടി. ഹോണ്ട സിവിക് എന്ന കാർ ഒഴികെ, പ്രവിശ്യയുടെ ലിസ്റ്റിലെ ഭൂരിഭാഗം വാഹനങ്ങളും എസ്‌യുവികളും പിക്കപ്പ് ട്രക്കുകളുമായിരുന്നു. ആഗോളതലത്തിൽ ഉയർന്ന പുനർവിൽപ്പന മൂല്യമുള്ള വാഹനങ്ങളാണ് മോഷ്ടാക്കളുടെ ലക്ഷ്യം. എന്നാൽ, വാഹനങ്ങളുടെ അനധികൃത വിൽപ്പനയിൽ നിന്നുള്ള ലാഭം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മോഷ്ടാക്കൾ തിരഞ്ഞെടുക്കുന്ന വാഹനങ്ങളെ നിരന്തരം മാറ്റാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഒൻ്റാരിയോയിൽ ഏറ്റവും കൂടുതൽ മോഷ്ടിക്കപ്പെട്ട വാഹനങ്ങൾ
- 2020 ഹോണ്ട CRV
- 2020 ലാൻഡ് റോവർ റേഞ്ച് റോവർ സീരീസ്
- 2023 ഷെവർലെ/ജിഎംസി സബർബൻ/ യുക്കോൺ/ താഹോ സീരീസ്
- 2023 ജീപ്പ് റാംഗ്ലർ
- 2021 ടൊയോട്ട RAV 4
- 2019 ഹോണ്ട സിവിക്
- 2022 ഫോർഡ് 150